തെയ്യാനുഷ്ഠാനത്തിലെ പ്രമുഖൻ, ചവനപ്പുഴ കോരപ്പെരുവണ്ണാൻ ഓർമ്മയായി


കണ്ണൂർ :- തെയ്യാനുഷ്ഠാനത്തിലെ അഗ്രേസരൻ ചവനപ്പുഴ കോരപ്പെരുവണ്ണാൻ നിര്യാതനായി. കയരളം പയ്യന്മാർകണ്ടി രാമപെരുവണ്ണാന്റെയും ചവനപ്പുഴ പനക്കാടൻ കല്യാണിയുടെയും മകനാണ്.

ഭാര്യ : പടിക്കലെ വളപ്പിൽ കാർത്ത്യായനി (മുയ്യം 

മക്കൾ : രജനി, രതി, രതീഷ് പെരുവണ്ണാൻ (തെയ്യം കനലാടി)

മരുമക്കൾ : രവീന്ദ്രൻ (കച്ചവടം, ചവനപ്പുഴ) വിജയൻ (വിമുക്ത ഭടൻ, കൂവേരി) ഷീജ (മംഗലശ്ശേരി) 

സഹോദരങ്ങൾ : രോഹിണി (ചവനപ്പുഴ) ശാന്ത (ചവനപ്പുഴ), പ്രകാശൻ (ചെറുകുന്ന്), പരേതയായ ജാനകി (കൂടാളി)

സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് ചവനപ്പുഴ പൊതുശ്മശാനത്തിൽ നടക്കും.

ആറാം വയസ്സിലാണ് തെയ്യാട്ട രംഗത്തേക്ക് കടന്നുവരുന്നത്. ചെറുപഴശ്ശിക്കാവിൽ കരിവേടൻ തെയ്യത്തിന്റെ വെള്ളാട്ടത്തിന് തവറൂൽ ഒതേന പെരുവണ്ണാനാണ് ആദ്യമായി തലപ്പാളി അണിയിച്ചത്. പന്ത്രണ്ടാം വയസ്സിൽ കയരളത്ത് വീരൻ, വീരർകാളി എന്നീ തെയ്യങ്ങൾ കെട്ടിയാടി. പതിനെട്ടാം വയസ്സിൽ കരിമ്പം പാലത്തിന് സമീപം കതിവനൂർ വീരന്റെ വയൽത്തിറ കഴിച്ചു. പൂമംഗലത്ത് കതിവനൂർ വീരന്റെ വയൽത്തിറ കഴിച്ച് 18-ാം വയസ്സിൽ തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്ര കൊട്ടുമ്പുറത്തു നിന്ന് പട്ടും വളയും സ്വീകരിച്ച് "പെരുവണ്ണാൻ" എന്ന ആചാര പേര് നേടി.

1966 മുതൽ 2017 വരെയുള്ള 51 വർഷങ്ങൾ തക്കുറി തെറ്റാതെ കതിവനൂർ വീരൻ കെട്ടിയാടി ചരിത്രം സൃഷ്ടിച്ചു ചവനപ്പുഴ കോരപ്പെരുവണ്ണാൻ എന്ന കനലാടി.70-ാം വയസ്സിൽ ആയോധന പ്രധാനമായ കതിവനൂർ വീരൻ കെട്ടിയാടിയപ്പോൾ അത് മാധ്യമങ്ങളിൽ വാർത്തയായി.വെള്ളിക്കീൽ ചേര തീയർകണ്ടി പള്ളിയറയിലായിരുന്നു ഇത്.

തുടർന്ന് കൊളച്ചേരി, ചേലേരി, അരിയിൽ കരയപ്പാത്ത്, ചെറുകുന്ന് ഇടത്തട്ട, പനങ്ങാട്ടൂർ കൊഴുമ്മൽ, പനങ്ങാട്ടൂർ വയൽ, കൊളന്ത, മലപ്പട്ടം പറമ്പ്, കണ്ണപുരം മൊട്ടമ്മൽ, അമ്മാനപ്പാറ, പാപ്പിനിശ്ശേരി തുടങ്ങി എത്രയോ പളളിയറകളിൽ കതിവനൂർ വീരനെ അവിസ്മരണീയ അനുഭവങ്ങളാക്കി മാറ്റി ചവനപ്പുഴ കോരപെരുവണ്ണാൻ, കല്യാശ്ശേരി കപ്പോത്ത് കാവ്, വടക്കാഞ്ചേരി വെളുത്തൂൽ കാവ്, കീഴാറ്റൂർ കൊളപ്രശ്ശേരി കാവ്, കീഴാറ്റൂർ വെച്ചിയോട്ട് കാവ്, ചവനപ്പുഴ വളയങ്ങാടിക്കാവ്, കല്ലൂരിക്കാവ്, ചാലാട് ചാലിൽക്കാവ്, പാമ്പുരുത്തിക്കാവ്, കയരളം നുച്ചിക്കോത്ത് കാവ്, കയരളം കുഞ്ഞിവീട്, മയ്യിൽ ചെറുപഴശ്ശിക്കാവ്, കണ്ടക്കൈ ചാലങ്ങോട്ട് കാവ്, മുല്ലക്കൊടി പാറമ്മൽ പുതിയകാവ്, പൂക്കോത്ത് തെരു മാനേങ്കാവ് തുടങ്ങിയ കാവുകളിൽ വലിയ തമ്പുരാട്ടിയുടെയും, ഇളംകോലത്തിന്റെയും തിരുമുടിയണിഞ്ഞു.

പെരുമ്പുഴയച്ഛൻ, വയനാട്ട്കുലവൻ, തിരുവപ്പന,വെള്ളാട്ടം, തോട്ടുങ്കര ഭഗവതി, അർദ്ധചാമുണ്ഡി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, അന്തിത്തിറ, പൂക്കട്ടി അന്തിത്തിറ, ബാലി, കുടിവീരൻ, പടവീരൻ, ഊർപ്പഴശ്ശി, തെക്കൻ കരിയാത്തൻ, കുന്നമംഗലത്ത് കരിയാത്തൻ, മഞ്ജുനാഥൻ, പുതിയ ഭഗവതി, അറയിൽ ചുകന്നമ്മ ചാത്തപ്പൻ തെയ്യം, ചാത്തോപ്പി തെയ്യം തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.

ഇളയച്ഛൻ പയ്യന്മാർകണ്ടി കോരപെരുവണ്ണാനും, പാന്തോട്ടം ചിണ്ടപെരുവണ്ണാനും , കണിച്ചാമൽ കോരപെരുവണ്ണാനുമായിരുന്നു ഗുരുനാഥന്മാർ.പിതാവായ കോരപെരുവണ്ണാനും മകനായ രതീശൻ പെരുവണ്ണാനും ഒരുമിച്ച് തെയ്യം കെട്ടിയാടിയ ചരിത്രവും ഉണ്ട്.മുയ്യം കാനപ്രത്ത് പുതിയ പുരയിൽ പള്ളിയറയിലും, കല്ലൂരി നിച്ചിക്കുന്നുമ്മൽ പള്ളിയറയിലുമായിരുന്നു ഇത്.അച്ഛൻ ഗുരിക്കൾ തെയ്യമായപ്പോൾ മകൻ കതിവനൂർ വീരനായി.

കല്ല് കൊത്ത് തൊഴിലാളിയായിരുന്ന പെരുവണ്ണാൻ മികച്ച ക്ഷീര കർഷകൻ കൂടിയായിരുന്നു.2022 ജൂലായ് 24 ന് കർഷക സംഘം പൂമംഗലം വില്ലേജ് സമ്മേളനത്തിന്റെ ഭാഗമായി ആദരിച്ചിട്ടുണ്ട്.2017-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മംഗള പത്രം നൽകി ആദരിച്ചു.2021-ൽ കേരള ഫോക് ലോർ അക്കാദമിയുടെ പുരസ്കാരം കോരപെരുവണ്ണാനെ തേടിയെത്തി.പിലിക്കോട് വയൽ പി.സി.കെ. ആർ. കലാസമിതിയുടെ വി. കുഞ്ഞിരാമൻ വൈദ്യർ നാടൻ കലാ പുരസ്കാരം 2023-ൽ ചവനപ്പുഴ കോരപ്പെരുവണ്ണാന് നൽകി ആദരിച്ചത് മുൻ മന്ത്രി എം.എ ബേബി ആയിരുന്നു.


Previous Post Next Post