തിരുവനന്തപുരം :- സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, നിലവിൽ നാളെ മുതൽ രണ്ടാം തീയതി വരെ എല്ലാ ജില്ലയിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് പ്രവചനം.
മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്ക ഒഴിയുന്നു
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്ക ഒഴിയുന്നു. ഇന്നലെ അർധരാത്രിക്ക് ശേഷം തീരം തൊട്ട മോൻത സാധാരണ ചുഴലിക്കാറ്റായി മാറി. മോൻതയുടെ സ്വാധീനഫലമായി ആന്ധ്ര, തെലങ്കാന ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. അഞ്ചര മണിക്കൂറെടുത്ത് ലാൻഡ് ഫാളിംഗ് പൂർത്തിയാക്കിയ മോൻത ആന്ധ്രയുടെ തീരം തൊട്ടത് രാത്രി 12.30ന്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ തീരം കടന്ന ചുഴലിക്കാറ്റ് വിശാഖപട്ടണം, കൊണസീമ, വിജയനഗര ജില്ലകളിൽ വ്യാപക നാശം വിതച്ചു. പ്രാഥമിക കണക്കുകൾ അനുസരിച്ച് ഒന്നേമുക്കാൽ ലക്ഷം ഹെക്ടറിൽ ആന്ധ്രയിൽ കൃഷിനാശം നേരിട്ടു. വൈദ്യുതി മേഖലയിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടു. മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണ്.
വലിയ തോതിൽ ആളപായം ഉണ്ടാക്കാതെ മോൻത കടന്നുപോയത് ആന്ധ്രയ്ക്കും ഒഡിഷയ്ക്കും ആശ്വാസമായി. കോണസീമ ജില്ലയിൽ വീട്ടിന് മുകളിലേക്ക് മരം വീണാണ് ഒരു സ്ത്രീ മരിച്ചത്. പലയിടങ്ങളിലായി ഇരുപതോളം പേർക്ക് പരിക്കേറ്റു. മോൻതയെ ഭയന്ന് മുക്കാൽ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആന്ധ്ര സർക്കാർ മാറ്റിയിരുന്നു. ഇത് ആഘാതം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. അതേസമയം മോൻതയുടെ സ്വാധീനഫലമായി ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലും ശക്തമായ മഴ തുടരുകയാണ്.
ഒഡിഷയിൽ തലസ്ഥാനമായ ഭുവനേശ്വറിനെ ഉൾപ്പെടെ മഴ ബാധിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമ ബംഗാളിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും കർണാടകയുടെ തീരദേശ ജില്ലകളിലും മഴ തുടരുന്നുണ്ട്. എങ്കിലും മോൻത ഉയർത്തിയ ആശങ്ക ഏറെക്കുറെ അകന്നെന്നാണ് വിലയിരുത്തൽ. സാധാരണ ചുഴലിക്കാറ്റായി മാറിയ മോൻത വരും മണിക്കൂറുകളിൽ കൂടുതൽ ദുർബലമാകും. തീരദേശ ജില്ലകളിൽ മഴ തുടരുമെന്ന് തന്നെയാണ് മുന്നറിയിപ്പ്.
