പത്തനംതിട്ട :- ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ വിവിധ കാര്യങ്ങൾക്ക് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി. ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും നൽകിയിട്ടുള്ള നിർദേശം. പൊതു ജനങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷയ്ക്കും സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ആടുമാടുകളെ കെട്ടുന്നതിന് നിരോധനം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ വടശേരിക്കര മുതൽ അട്ടത്തോട് വരെയുളള തീർഥാടന പാതകളുടെ വശങ്ങളിൽ ആടുമാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും നിരോധിച്ച് ഉത്തരവായി.
അനധികൃത വഴിയോര കച്ചവടം
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതയിൽ അനധികൃത വഴിയോര കച്ചവടം നടത്തുന്നത് നിരോധിച്ച് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്‌ണൻ ഉത്തരവിട്ടു.
റോഡുകളുടെ വശങ്ങളിൽ പാചകം ചെയ്യുന്നത് നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ നിരോധിച്ച് ഉത്തരവായി.
മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വിൽപന നടത്തുന്നതും നിരോധിച്ചു
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് * 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും നിരോധിച്ച് ഉത്തരവായി.
ഗ്യാസ് സിലിണ്ടർ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതു സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.