സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ; മുട്ടയ്ക്കും പാലിനും ദിവസവും ബില്ല് വേണമെന്ന് നിർദേശം


കണ്ണൂർ :- സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനൊപ്പം പാലിനും മുട്ടയ്ക്കുമുള്ള ബിൽ ദിവസവും സംഘടിപ്പിച്ച് സൂക്ഷിക്കണമെന്ന പുതിയ നിർദേശമാണ് അധ്യാപകരിൽ ആശങ്കയുയർത്തുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉച്ചഭക്ഷണവിതരണ പദ്ധതിയിൽ പൂരകപോഷണത്തിന് ആഴ്ചയിൽ രണ്ടു ദിവസം ഒരു ഗ്ലാസ് വീതം പാലും ഒരു ദിവസം മുട്ടയും (പഴം) നൽകണമെന്നാണ് ഉത്തരവ്. അത് നടപ്പാക്കുമ്പോൾ ഒരുമാസത്തേക്ക് ബിൽ വാങ്ങുന്ന രീതി ക്രമക്കേടിന് വഴിവെക്കുമെന്ന പരാതിയെത്തുടർന്നാണ് പുതിയ നിർദ്ദേശം.

ഓരോദിവസവും ഹാജരായ കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കണം ഇനി മുതൽ പാലും മുട്ടയും വാങ്ങുന്നത്. അതായത് ചുമതലയുള്ള അധ്യാപകൻ 10 മണിക്കുശേഷം പാലും മുട്ടയും തേടി ഓടേണ്ടിവരുമെന്ന് ചുരുക്കം. നൂൺ ഫീഡിങ് സൂപ്പർവൈസർമാരും നൂൺ മീൽ ഓഫീസർമാരും സ്കൂൾ സന്ദർശിക്കുമ്പോൾ അതത് ദിവസത്തെ മുട്ടയുടെയും പാലിൻ്റെയും അളവ് പരി ശോധിക്കാനും പരാതികൾ പരിശോധിക്കാനും ബിൽ ആവശ്യമാണെന്നാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) നിർദേശിച്ചിരിക്കുന്നത്.

20 മുതൽ 23 വരെ പ്രവൃത്തി ദിനങ്ങളാണ് ഓരോ മാസവുമുണ്ടാകുക. അതിൽ പാൽ കൊടുക്കേണ്ട 10 ദിവസവും മുട്ടകൊടുക്കേണ്ട അഞ്ച് ദിവസവും വരും. പുതിയ നിർദേശപ്രകാരം മുട്ടയ്ക്കും പഴത്തിനും വേറെ കണക്കാക്കുകയാണങ്കിൽ അതിന് 20 ബില്ല് വേണ്ടിവരും. 22 പ്രവൃത്തിദിവസത്തിന് 22 പലവ്യഞ്ജനബില്ലും 22 പച്ചക്കറി ബില്ലും ആക്കേണ്ടി വരില്ലേയെന്ന ചോദ്യമുയരുന്നുണ്ട്.

കുട്ടികളുടെ എണ്ണവും ഓരോ ദിവസത്തെയും പാലിൻ്റെയും മുട്ടയുടെയും ബില്ലും പൊരുത്തപ്പെട്ടില്ലെങ്കിൽ ചുമതലയുള്ള അധ്യാപകനും പ്രഥമാധ്യാപകരും ക്രമക്കേട് നടത്തിയതായി പരിഗണിക്കപ്പെടുമെന്നതാണ് നിലവിലെ സ്ഥിതി. സൊസൈറ്റികളിൽ നിന്ന് പാൽ വാങ്ങണമെന്നാണ് നിർദേശം. വാഹനങ്ങളിലെത്തി പാൽ വിതരണം ചെയ്യുന്നവർക്ക് ബിൽ നൽകാൻ നിലവിൽ വ്യവസ്ഥയില്ല. പാക്കറ്റ് പാൽ വാങ്ങുന്നവർ അരലിറ്ററിൽ താഴെയുള്ള അളവ് എങ്ങനെ വാങ്ങുമെന്നതും അതിന് ബിൽ എങ്ങനെ സംഘടിപ്പിക്കുമെന്നതും ചോദ്യമാണ്.

Previous Post Next Post