മാനന്തവാടി :- ബൈക്കിലെത്തി വയോധികയുടെ മാല കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ ചോല മണിക്കുന്നുമ്മൽ എം.കെ റാഷിദ് (29), സി ദ്ദിഖ് നഗർ ലക്ഷം വീട് നടുക്കണ്ടി വീട്ടിൽ മുഹമ്മദ് മിഥിലാജ് (24) എന്നിവരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈഎസ്‌പി വി.കെ വിശ്വംഭരന്റെ പ്രത്യേക സ്ക്വാഡും ചേർന്നുപിടികൂടിയത്. നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്ത ബൈക്കിലെത്തിയാണ് യുവാക്കൾ കവർച്ച നടത്തിയത്. ഒക്ടോബർ 10-നു ഉച്ചയ്ക്കു പേര്യ ആലാർ ഡിസ്സോ കവലയിലായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു ഇരുമനത്തൂർ സ്വദേശിനിയായ വയോ ധികയുടെ കഴുത്തിൽ നിന്നാണ് മാല കവർന്നത്. സ്വർണമെന്നു കരുതി കവർന്ന മാല റോൾഡ് ഗോൾഡായിരുന്നു.
കണ്ണൂരിലെത്തിയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സബ് ഇസ്പെക്ടർ ടി.അനീഷ്, അസി. സബ് ഇൻസ്പെക്ടമാരായ ബിജു വർഗീസ്, റോയ് തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.റസീന, സിവിൽ പോലീസ് ഓഫീസർമാരായ കെ.അബ്ദുൾ വാജിദ്, ശ്രീജേഷ്, എം.എ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. ഇരുവരെയും, മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു.