ചട്ടുകപ്പാറ :- പ്രസവ വേദന അനുഭവപ്പെട്ട യുവതിക്കും കുഞ്ഞിനും രക്ഷകരായി കുറ്റ്യാട്ടൂർ FHC യിലെ നഴ്സ്മാർ. കുറ്റ്യാട്ടൂർ വെള്ളുവയൽ കണ്ണൻ പീടികയ്ക്ക് സമീപം താമസിക്കുന്ന അസം സ്വദേശിയായ യുവതിക്കാണ് കുറ്റ്യാട്ടൂരിലെ ആരോഗ്യപ്രവർത്തകർ രക്ഷകരായത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ
എത്തിക്കുകയും എത്രയും പെട്ടെന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തു.
കയ്യിലെ പൈസ ഇല്ലെന്ന കാരണത്താൽ പോയ ഓട്ടോയിൽ തന്നെ വീട്ടിലേക്ക് തിരിച്ചു വരുകയായിരുന്നു കുടുംബം. ഓട്ടോ ഡ്രൈവർ കൃത്യസമയത്ത് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു. കുറ്റ്യാട്ടൂർ FHC യിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി.പത്മിനിയുടെ നേതൃത്വത്തിൽ യുവതിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ വെച്ച് പ്രസവം നടക്കുകയും ചെയ്തു. പത്മിനിയോടൊപ്പം ആശവർക്കർമാരായ എം.പി രേവതി, കെ.എം ഷീബ, കെ.വി രമാവതി, എം.കെ.രാഗിണി എന്നിവരും ഉണ്ടായിരുന്നു.