മാഹി :- തലശ്ശേരി - മാഹി ബൈപാസിൽ ഈസ്റ്റ‌് പള്ളൂർ സിഗ്നൽ പോസ്‌റ്റ് ഒഴിവാക്കി അടിപ്പാത നിർമിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ബൈപാസിൽ ചൊക്ലി -പെരിങ്ങാടി റോഡിൽ സിഗ്നൽ പോസ്‌റ്റ് വന്നതോടെ രണ്ടുമരണം ഉൾപ്പെടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു. തുടർന്നാണ് ഈസ്‌റ്റ് പള്ളൂർ സിഗ്നലിൽ അടിപ്പാത എന്ന ആവശ്യം ഉയർന്നത്. മാഹി ബൈപാസിൽ ഏക സിഗ്നൽ പോസ്റ്റാണ് ഈസ്‌റ്റ് പള്ളൂരിലുള്ളത്.
ആറുവരിപ്പാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്നുവരിയിൽ ഇടതു ഭാഗത്തെ സർവീസ് റോഡിനോടു ചേർന്ന ഭാഗമാണു നിലവിൽ ഇടിച്ചുതാഴ്ത്തുന്നത്. റോഡിന്റെ ടാറിങ് പൂർണമായും അടർത്തി മാറ്റുകയാണ്. നിർമാണം നടക്കുന്നതിനു സമാന്തരമായി ഇടതുഭാഗത്തെ സർവീസ് റോഡിൽ 600 മീറ്റർ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. സിഗ്നൽ പോസ്റ്റ് മുതൽ ഇരുഭാഗത്തും 500 മീറ്റർ ദൂരം ബൈപാസ് റോഡ് പൊളിച്ചു മാറ്റി ബൈപാസ് ഉയർത്തി അടിപ്പാത നിർമിക്കുകയാണു ലക്ഷ്യം.