കുതിപ്പിന്റെ പാതയിൽ BSNL ; ഉപഭോക്താക്കളുടെ എണ്ണം 9.1 കോടി കവിഞ്ഞു


ദില്ലി :- സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻ്റെ (ബിഎസ്എൻഎൽ) മൊബൈൽ വരിക്കാരുടെ എണ്ണം 9.1 കോടി കവിഞ്ഞു. ബിഎസ്എൻഎല്ലിൽ ഉപഭോക്താക്കൾക്ക് വർധിച്ചുവരുന്ന വിശ്വാസത്തിന്റെ സൂചനയാണിതെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2024 ജൂൺ മാസത്തിൽ ബിഎസ്എൻഎല്ലിന് 8.5 കോടി വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 9.1 കോടിയായി ഉയർന്നുവെന്നും, കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ബിഎസ്എൻഎൽ 13 ലക്ഷം പുതിയ വരിക്കാരെ ചേർത്തുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബ്രാൻഡിലുള്ള ആത്മവിശ്വാസം ആളുകൾക്ക് വർധിച്ചുവരുന്നത് വ്യക്തമാണെന്നും ബിഎസ്എൻഎൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ശക്തമായ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് (സിആർഎം) പരിഹാരങ്ങൾ നടപ്പിലാക്കുക, ഉപഭോക്ത്യ സംതൃപ്തി സ്കോറുകൾ മെച്ചപ്പെടുത്തുക, 4ജി-യിൽ നിന്ന് 5ജി-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം ബിഎസ്എൻഎല്ലിൻ്റെ 5ജി ലോഞ്ചിനുള്ള കൃത്യമായ സമയപരിധി നൽകാൻ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിസമ്മതിച്ചു.

"നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ശക്തമായ സിആർഎം പരിഹാരങ്ങൾ നടപ്പിലാക്കുകയും ഉപഭോക്തൃ സംതൃപ്‌തി സ്കോറുകൾ മെച്ചപ്പെടുത്തുകയും 4ജി-യിൽ നിന്ന് 5ജി-യിലേക്കുള്ള മാറ്റം സാധ്യമാക്കുകയും വേണം. എന്നാൽ 4ജി നെറ്റ‌്വർക്ക് പൂർണ്ണമായും ഒപ്റ്റിമൈസ് ചെയ്തു‌കഴിഞ്ഞാൽ മാത്രമേ 5ജി-യിലേക്കുള്ള മാറ്റം സംഭവിക്കൂ, അതിന് ഇനിയും കുറച്ച് മാസങ്ങൾ എടുക്കും"-എന്നുമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ വാക്കുകൾ.

ഒരു മാസം കൊണ്ട് 13 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി BSNL 

അടുത്തിടെ 18 വർഷത്തിനിടയിലെ ആദ്യത്തെ തുടർച്ചയായ ത്രൈമാസ അറ്റാദായം ബിഎസ്എൻഎൽ രേഖപ്പെടുത്തിയതും ശുഭ സൂചനയാണ്. 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 262 കോടി രൂപയും, മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) 280 കോടി രൂപയും ബിഎസ്എൻഎല്ലിന് അറ്റാദായം ഉണ്ടാക്കാനായി. 2025 ഓഗസ്റ്റ് മാസം മാത്രം ബിഎസ്എൻഎൽ 13 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ചേർത്തു. ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വളർച്ചയാണിത്. ഇതിന് മുമ്പ് ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തത് 2025 മാർച്ച് മാസത്തിലായിരുന്നു. മാർച്ചിൽ ഏതാണ്ട് 50,000 പുതിയ സിം വരിക്കാരെ ബിഎസ്എൻഎല്ലിന് ലഭിച്ചു.

Previous Post Next Post