ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്തിയ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും


വടകര :- ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് സിന്തറ്റിക് ഡ്രഗ് കടത്തിയ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ്.സി.എച്ച് (34 ) എന്നയാളെയാണ് വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2024 ജനുവരി പതിമൂന്നാം തീയതി പയ്യാമ്പലം ബീച്ചിന് സമീപത്ത് വച്ച് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്‍റും ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സിയും പാർട്ടിയും നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് 134.178 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ഷരീഫ് പിടിയിലായത്.

സംശയം തോന്നിയ സംഘം ഷരീഫിനെ തടഞ്ഞ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാറിൽ ഒളിപ്പിച്ച 134.178 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. തുടർന്ന് കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആയിരുന്ന ഷിബു.പി.എൽ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് പൂർത്തിയാക്കി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു.വി.ജിയാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.കെ.ജോർജ് ഹാജരായി.

Previous Post Next Post