ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി. 'പഹൽഗാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്.
മലയാള ചലച്ചിത്രലോകത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
