ഓഫീസിലെ ലോക്കറിൽ 100 രൂപ അധികം കണ്ടെത്തി ; സസ്പെൻഷൻ കിട്ടിയത് ഏഴുപേർക്ക്


തിരുവനന്തപുരം :- ഓഫീസിൽ പണം സൂക്ഷിക്കുന്ന ലോക്കറിൽ നൂറുരൂപ അധികമായി കണ്ടെത്തിയതിന്റെ പേരിൽ അവധിയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴുപേർക്ക് സസ്പെൻഷൻ. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സസ്പെൻഷൻ ലഭിച്ചത്. ഉദ്യോഗസ്ഥർ പരാതിപ്പെട്ടെങ്കിലും വകുപ്പ് നടപടിയിൽനിന്നു പിന്മാറിയിട്ടില്ല. നാലു ജൂനിയർ സൂപ്രണ്ടുമാർ, രണ്ടു ക്ലാർക്ക്, ഒരു പിഎ എന്നിവർക്കാണ് ശിക്ഷ. 

സെപ്റ്റംബർ ഒൻപതിന് വൈകുന്നേരം നാലരയോടെ ആറ്റിങ്ങലിൽനിന്ന് ഏറെ ദൂരെ വിതുരയിലുള്ള ഒരു ഉദ്യോഗാർഥി കെ-ടെറ്റ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയിരുന്നു. ആ സമയത്ത് കാഷ് ബുക്ക് ക്ലോസ് ചെയ്തതിനാൽ പിറ്റേദിവസത്തെ കണക്കിലാണ് ഉദ്യോഗസ്ഥർ തുക വരവുവെച്ചത്. ഫീസായി വാങ്ങിയ 100 രൂപയ്ക്ക് രസീത് കൈമാറിയ ശേഷം ആ തുക ലോക്കറിൽ വെച്ചു. പക്ഷേ, പിറ്റേദിവസം പരിശോധനയ്ക്കെ‌ത്തിയവർ ലോക്കറിൽ ഈ നൂറുരൂപ അധികമായി കണ്ടെത്തിയതു പ്രശ്നമാക്കി. തുക വാങ്ങിയ ദിവസം അവധിയായിരുന്ന ഉദ്യോഗസ്ഥനടക്കം ഏഴുപേരെ ഈ സംഭവത്തിൻ്റെ പേരിൽ സസ്പെൻഡ് ചെയ്തു. പിന്നീട്, വസ്തുതകൾ ബോധ്യപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ടെങ്കിലും സ്ഥാനക്കയറ്റം നിഷേധിക്കുന്നതടക്കമുള്ള അച്ചടക്കനടപടി തുടരാൻ ചാർജ് മെമ്മോ നൽകിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക വിതരണം ചെയ്‌തില്ലെന്നാണ് മറ്റൊരു കുറ്റാരോപണം. എന്നാൽ, സ്കോളർഷിപ്പുകൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ രക്ഷിതാക്കൾ നേരിട്ടാണ് രജിസ്റ്റർചെയ്യുന്നത്. അക്കൗണ്ട് നമ്പറിലും മറ്റും പിശകുവരാറുള്ളതിനാൽ, വിദ്യാഭ്യാസ ഓഫീസുകൾ നേരിട്ടു പരിശോധിച്ചുമാത്രമേ തുക നൽകാറുള്ളൂ. ഓഗസ്റ്റ് പകുതിക്കുശേഷംവന്ന സ്കോളർഷിപ്പ് പണം വിതരണംചെയ്യാൻ, പരിശോധന നടക്കുന്നതിന്റെ തെളിവ് കാണിച്ചിട്ടും അച്ചടക്കനടപടി ഒഴിവായില്ല. സ്കൂൾ ജീവനക്കാരുടെ ആദായനികുതി വിവരങ്ങൾ മതാടിസ്ഥാനത്തിൽ ചോദിച്ചതിന് സർക്കാർനടപടി നേരിട്ട ഉദ്യോഗസ്ഥരടക്കം പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം.

Previous Post Next Post