തിരുവനന്തപുരം :- സംസ്‌ഥാനത്തു ദരിദ്ര വിഭാഗത്തിനടക്കം വിതരണം ചെയ്യേണ്ട അരിയിൽ 4 വർഷത്തിനിടെ വൻ തട്ടിപ്പ് നടത്തിയത് 345 റേഷൻകടകൾ കേന്ദ്രീകരിച്ചെന്ന് കണ്ടെത്തൽ. ജില്ലാ സപ്ലൈ ഓഫിസർമാർ നടത്തിയ പരിശോധനയിലാണ് കൊള്ള കണ്ടെത്തിയത്. ഇതിൽ 18 കടകളുടെ ലൈസൻസ് സ്ഥിരമായും 327 ലൈസൻസ് താൽക്കാലികമായും സസ്പെൻഡ് ചെയ്തെന്നു വിവരാവകാശ അപേക്ഷയ്ക്കു മറുപടി ലഭിച്ചു. ഇക്കാലയളവിൽ ആയിരത്തിലധികം റേഷൻ കടകളിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും 345 കടകളുടെ അംഗീകാരം മാത്രമാണ് റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിയ കടകൾ പിഴ അടച്ച് അതു പുതുക്കുകയും ചെയ്തു.
കൂടുതൽ കടകളും അളവിൽ കൃത്രിമം നടത്തുന്നുവെന്നാണ് പരിശോധനാ സംഘങ്ങളുടെ കണ്ടെത്തൽ. ഒരു കിലോ അരിയിൽ 100 ഗ്രാം കുറവ് വരുത്തുന്നു. ഇങ്ങനെ 10 കിലോ അരി തൂക്കുമ്പോൾ ഒരു കിലോ വെട്ടിക്കുന്നുണ്ടെന്നാണ് വ്യക്തമായത്. അളവു പാത്രത്തിന് 650-700 ഗ്രാം ഭാരമുണ്ട്. ഇതു കൂടി ചേർത്താണ് ചില കടകളിൽ ധാന്യങ്ങൾ തൂക്കുന്നതെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. വെള്ള കാർഡുകാരിൽ ഭൂരിഭാഗവും അരി വാങ്ങാറില്ല. ഇവരുടെ വീടുകളിൽ പോയി വിരലടയാളം രേഖപ്പെടുത്തും. ചില കടക്കാർ മുൻഗണനാ വിഭാഗത്തിലുള്ളവരിൽ നിന്നു കിലോയ്ക്കു 13 രൂപയ്ക്ക് അരി വാങ്ങി 27 രൂപയ്ക്കു കരാറുകാർക്ക് മറിച്ചുവിൽക്കുന്നുണ്ടെന്നും കണ്ടെത്തി.
2021 ജൂൺ മുതൽ 2025 ഓഗസ്റ്റ് 15 വരെ ക്രമക്കേട് നടത്തിയതിന് സസ്പെൻഡ് ചെയ്‌ത കടകളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം: 89, കൊല്ലം: 53, തൃശൂർ: 7, പത്തനംതിട്ട: 35, മലപ്പുറം: 34, ആലപ്പുഴ: 42, പാലക്കാട്: 38, കാസർകോട്: 7, എറണാകുളം: 27, വയനാട്: 9, കോഴിക്കോട്: 4
