കണ്ണൂർ :- 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ വനിതാ ഡോക്ടർക്ക് 10 ലക്ഷത്തിലധികം രൂപ നഷ്‌ടമായി. തലശ്ശേരി സ്വദേശിയായ 72 വയസ്സുകാരിയെയാണു ഡിജിറ്റൽ അറസ്‌റ്റ് ചെയ്തെന്ന തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിനിരയാക്കിയത്. കള്ളപ്പണം വെളുപ്പിച്ചതിനു മുംബൈ സിബിഐ കേസ് റജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അറസ്‌റ്റ് വാറൻ്റ് ഉണ്ടെന്നും പറഞ്ഞാണു വാട്‌സാപ് വഴി ഡോക്‌ടറെ ബന്ധപ്പെട്ടത്.
കേസ് സംസാരിച്ച് പറഞ്ഞു തീർക്കാമെന്നു പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ 31 മുതൽ നവംബർ 3 വരെയുള്ള കാലയളവിലാണ് വിവിധ അക്കൗണ്ടുകളിലേക്കു ഡോക്ടർ പണം അയച്ചത്. കൂടു തൽ പണം ആവശ്യപ്പെട്ടതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത കണ്ണൂർ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
