ഇന്ത്യൻ സൈന്യത്തിന്റെ എകെ 203 തോക്ക് ഇനി കേരള പോലീസിനും


തിരുവനന്തപുരം :- ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന എകെ 203 തോക്ക് വാങ്ങാൻ സംസ്ഥാന പോലീസ്. 1.3 കോടി രൂപ സർക്കാർ ഇതിനായി അനുവദിച്ചോടെ സൈന്യത്തിന് പുറത്ത് ഈ തോക്ക് ലഭിക്കുന്നത് കേരള പോലീസിനാകും. പോലീസിന്റെ കൈവശമുള്ള എകെ 47, ഇൻസാസ് എന്നിവയെക്കാൾ ആധുനികമാണ് ഇൻഡോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന എകെ 203 തോക്കുകൾ. 100 തോക്കുകൾ വാങ്ങാനാണ് സർക്കാർ അനുമതി നൽകിയത്. 150 എണ്ണം കൂടി പിന്നീട് വാങ്ങും. കേന്ദ്രത്തിന്റെ പോലീസ് നവീകരണത്തിനുള്ള ഫണ്ടിൽ നിന്നാണ് തുകയനുവദിച്ചത്. 

കലാഷ്നിക്കോവ് തോക്കുകളിലെ പുതിയവയാണ് എകെ 203 തോക്കുകൾ. 2010-ലാണ് ഇവ വികസിപ്പിച്ചത്. ലഭിക്കുന്ന തോക്ക് തണ്ടർബോൾട്ട് ഉൾപ്പെടെയുള്ളവർക്കാകും ആദ്യം ലഭ്യമാക്കുക. തിര നിറയ്ക്കുന്ന ഒരു മാഗസിനിൽ 30 റൗണ്ട് ഉപയോഗിക്കാനാകുന്നതും 50 റൗണ്ട് ഉപയോഗിക്കാനാകുന്നതുമുണ്ട്. 2019-ൽ റഷ്യയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇൻഡോ റഷ്യൻ റൈ ഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ഉത്തർപ്രദേശിൽ എകെ 203 നിർമാണ കേന്ദ്രം ആരംഭിച്ചത്. 3.8 കിലോഗ്രാമുള്ള തോക്കിൽ 7.62 എംഎം വെടിയുണ്ടകളാണ് ഉപയോഗിക്കുന്നത്. ഒരു മിനിറ്റിൽ 700 റൗണ്ടുവരെ വെടിയുതിർക്കാനാകും. 50 ഭാഗങ്ങളും 180 ഉപഭാഗങ്ങളുമുള്ള തോക്കിൻ്റെ 60 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്.

Previous Post Next Post