തിരുവനന്തപുരം :- മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് ഫോൺവിളി അകലത്തിൽ സഹായമെത്തിക്കാൻ 'ദിശ'. തൊഴിലിടത്തിലും സ്വകാര്യജീവിതത്തിലും മാനസിക സമ്മർദം അനുഭവിക്കുന്നവർക്കു തുണയേകുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌പ്ലൈൻ ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. മാനസിക സംഘർഷമുള്ളവർ അറിയിച്ചാൽ കൗൺസലിങ്, സംശയ നിവാരണം എന്നീ സേവനങ്ങൾ ലഭിക്കും. വിദഗ്ധ ഡോക്ടർമാരുടെ സേവനവുമുണ്ടാകും. 15 കൗൺസലർമാരും 6 ഡോക്ടർമാരുമായി 2013 ൽ ആണ് ദിശ ഹെൽപ്പ്ലൈൻ ആരംഭിച്ചത്. പിന്നീട് ഡോക്ടർമാരുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം 500 ളാണ് ഹെൽപ്പ്ലൈനിലെത്തുന്നത്
യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ചു ഗവേഷണം നടത്താനും പരിഹാരമാർഗം കണ്ടെത്താനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) ഈയിടെ സംസ്‌ഥാന സർക്കാർ കൈകോർത്തിരുന്നു. ലഹരിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം. കുട്ടികളിലെ വിഷാദരോഗം കണ്ടെത്താൻ അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. ആരോഗ്യം, വനിതാ-ശിശുക്ഷേമം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ആത്മഹത്യയ്ക്കെതിരായ യജ്‌ഞം നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ കണക്കനുസരിച്ച് 25 - 34 പ്രായത്തിൽ 1,113 പേരാണ് 2023 ൽ ജീവനൊടുക്കിയത്. 15 - 24 പ്രായത്തിലുള്ള 814 പേരും.
