ആലപ്പുഴ :- സാനിറ്ററി നാപ്കിൻ ജലാശയങ്ങളിലും മറ്റും ഉപേക്ഷിക്കുന്നതു തടയാൻ സംസ്ഥാനത്തെ 319 ഹയർ സെക്കൻഡറി സ്കൂളുകളിൽ അവ സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ സ്ഥാപിക്കുന്നു. മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുമ്പോഴും നാപ്‌കിൻ തിരഞ്ഞെടുക്കുന്നവർ ഏറെയുണ്ട്. അതിനാലാണ് ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ ആദ്യഘട്ടത്തിൽ 319 സ്കൂളുകൾക്ക് ഹരിതകേരളം മിഷൻ ഇൻസിനറേറ്റർ നൽകുന്നത്. ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കാൻ സ്കൂളിൽ ഒരു പവർപ്ലഗ് മാത്രം മതി. ഒരു ബ്ലോക്കിൽ ഒരു പഞ്ചായത്ത് എന്ന തരത്തിൽ 152 ഗ്രാമപഞ്ചായത്ത്, 87 നഗരസഭ, ആറ് കോർപ്പറേഷൻ എന്നിവയുടെ പരിധിയിലുള്ള സ്കൂളുകളാണ് ആദ്യഘട്ടത്തിലുള്ളത്.
പെൺകുട്ടികൾ മാത്രമുള്ളതോ കൂടുതലുള്ളതോ ആയ സ്കൂളുകളെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. ബജറ്റിൽ രണ്ടുകോടി രൂപ ഇതിനു വകയിരുത്തിയിട്ടുണ്ട്. എച്ച്എൽഎൽ ലൈഫ്‌കെയർ ആണ് യന്ത്രം നൽകുന്നത്. പരിസ്ഥിതിക്കു ദോഷം വരാത്ത തരത്തിൽ നാപ്‌കിൻ ഇൻ സിനറേറ്റർ ഉപയോഗിച്ച് സംസ്കൃരിക്കാനാകും. സ്വിച്ച് ഓൺ ചെയ്ത് നാപ്‌കിൻ ഇൻസിനറേറ്ററിൽ ഇട്ടാൽ ചാരമാകും. വർഷത്തിലൊരിക്കൽ യന്ത്രം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താനും പദ്ധതിയുണ്ട്.
