ന്യൂഡൽഹി :- 2028 ൽ ചന്ദ്രയാൻ 4 ദൗത്യം യാഥാർഥ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ പറഞ്ഞു. ചന്ദ്രനിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഈ ദൗത്യം. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയെന്നും വി.നാരായണൻ അറിയിച്ചു. ഇന്ത്യ ഇന്നുവരെ കൈക്കൊണ്ടിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ ചാന്ദ്രദൗത്യമായിരിക്കും ഇത്.
പൂർത്തീകരിക്കുന്നതോടെ ചന്ദ്രനിൽ നിന്ന് സാംപിൾ തിരികെ കൊണ്ടുവരുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജപ്പാൻ ബഹിരാകാശ ഏജൻസി ജാക്സയുമായി ചേർന്നുള്ള ചാന്ദ്രധ്രുവ പര്യവേക്ഷണ ദൗത്യമായ 'ലുപെക്സും' സമീപഭാവിയിലെ മറ്റൊരു നിർണായക പദ്ധതിയാണ്. ഈ സാമ്പത്തിക വർഷം 7 വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിട്ടിരിക്കുകയാണ് ഐഎസ്ആർഒ.
