ആളിപ്പടർന്ന തീയിൽ പൊലിഞ്ഞത് 45 ജീവനുകൾ, രക്ഷപ്പെട്ടത് ഒരേഖൽ മാത്രം ; അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം


ഹൈദരാബാദ് :- സൗദി അറേബ്യയിലെ മദീനക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് ഹൈദരാബാദിൽ നിന്നും തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 45 തീർത്ഥാടകർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. ദാരുണ അപകടത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി സി സജ്ജനർ പറഞ്ഞു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസറുദ്ദീൻറെ നേതൃത്വത്തിൽ ഒരു ഔദ്യോഗിക സംഘത്തെ സൗദിയിലേക്ക് അയക്കാനും സംസ്ഥാന മന്ത്രിസഭതീരുമാനിച്ചു. ഒരു എഐഎംഐഎം എംഎൽഎയും മുതിർന്ന ന്യൂനപക്ഷകാര്യ ഉദ്യോഗസ്ഥനും ഈ സംഘത്തിൽ ചേരും. അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും രണ്ട് കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെ പൂർണ്ണ വിവരങ്ങൾ ഉടൻ ശേഖരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്‌ടർ ജനറലിനും നിർദ്ദേശം നൽകി. ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി തെലങ്കാന സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം സ്ഥാപിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടം ഉണ്ടായത്. ഉംറ തീർത്ഥാടർ ഉൾപ്പെട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടം. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. മദീനയിലെത്തുന്നതിന് 160 കിലോമീറ്റർ അകലെ മുഹറഹാത്തിലാണ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയത്. ആളിപ്പടർന്ന തീയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു.

സിവിൽ ഡിഫൻസും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതും തീയണച്ചതും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനം തുടങ്ങി. ആശുപത്രികളിലും മറ്റുമായി കോൺസുലേറ്റ് ജീവനക്കാരെയും വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ഉംറ കർമ്മങ്ങൾ നിർവ്വഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പോയവരാണ് തീർത്ഥാടക സംഘം.

Previous Post Next Post