രണ്ടാഴ്ച കഴിഞ്ഞിട്ടും പനി മാറിയില്ല ; വിദഗ്‌ധ ചികിത്സയ്ക്കിടെ രോഗിയുടെ കരളിൽ നിന്ന് കണ്ടെത്തിയത് മീൻ മുള്ള്


കൊച്ചി :- സാധാരണ പനിയെന്ന് കരുതി അവഗണിച്ചു. രണ്ടാഴ്ച കഴിഞ്ഞും രോഗാവസ്ഥയിൽ മാറ്റമില്ല. വിദഗ്‌ധ ചികിത്സയ്ക്കിടെ കരളിൽ നിന്ന് കണ്ടെത്തിയത് മീൻ മുള്ള്. ആലുവയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശിയായ 36കാരനാണ് വിട്ടുമാറാത്ത ചുമ, പനി എന്നീല ലക്ഷണങ്ങളുമായി ആലുവ രാജിഗിരി ആശുപത്രിയിലെത്തിയത്. കോളേജ് അധ്യാപകനായ 36കാരൻ സാധാരണ പനിയെന്ന് കരുതിയയാണ് ചികിത്സ തേടിയത്. പനിക്ക് ചികിത്സ തേടി ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ആദ്യം ചികിത്സ തേടിയത്. പനി രണ്ടാഴ്ചയായിട്ടും തുടരുവാണെന്ന് വ്യക്തമായതോടെ ഡോക്ടർ പെറ്റ് സ്‌കാനിന് വിധേയനാവാൻ നിർദ്ദേശിക്കുകയായിരുന്നു, പെറ്റ് സ്കാനിലാണ് കരളിൽ എന്തോ അന്യവസ്തു കണ്ടെത്തിയത്.

ജീവന് പോലും ഭീഷണിയാവുന്ന നിലയിൽ യുവാവിന്റെ കരളിൽ പഴുപ്പും കണ്ടെത്തി. ഇതോടെയാണ് അടിയന്തരമായി ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് കരളിൽ തറച്ച നിലയിലുണ്ടായിരുന്ന മുള്ള് പുറത്ത് എടുത്തത്. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻ മുള്ളു അകത്ത് പോയ വിവരം 36കാരന്റെ ശ്രദ്ധയിലും വന്നിരുന്നില്ല. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം 36കാരൻ ആശുപത്രി വിട്ടതായാണ് രാജഗിരി ആശുപത്രി അധികൃതർ വിശദമാക്കിയത്. നാല് സെന്റി മീറ്ററോളം നീളം വരുന്നതാണ് പുറത്തെടുത്ത മീൻ മുള്ള്.

Previous Post Next Post