തിരുവനന്തപുരം :- വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ മദ്യലഹരിയിലായിരുവെന്നതിന് ഡിജിറ്റൽ തെളിവും പുറത്ത്. ട്രെയിൻ കയറുന്നതിന് മുമ്പ് പ്രതിയും ബന്ധുവും ചേർന്ന് മദ്യപിച്ചതായി ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിലെ പ്രധാന സാക്ഷിയെ അന്വേഷിക്കുകയാണ് പൊലീസ്. ട്രെയിനിൽ നിന്നും പിടിച്ചുതള്ളിയ രണ്ടാമത്തെ പെൺകുട്ടിയെ സഹായിച്ച സാക്ഷിയെ തേടിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
ചുവപ്പ് ഷർട്ട് ധരിച്ചയാളാണ് പെൺകുട്ടിയെ രക്ഷിച്ചത്. പ്രതിയെ കീഴ്പ്പെടുത്തിയതും ഈ ചുവപ്പ് ഷർട്ട് ധരിച്ചയാളാണ്. ഇയാളെ കണ്ടെത്തി ആദരിക്കുമെന്നും റെയിവേ പൊലീസ് അറിയിച്ചു. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച്‌ച രാത്രിയാണ് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ പുറത്തേയ്ക്ക് ചവിട്ടി തള്ളിയിട്ടത്.
തള്ളിയിടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറകൾ, സംഭവസമയം പെൺകുട്ടിയും പ്രതിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കമുള്ളവയാണ് ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ നൽകിയത്. ട്രെയിനിൽ നിന്ന് വീണ ശ്രീകുട്ടിയെ രക്ഷിച്ച രണ്ടു പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ അന്വേഷണ സംഘം. കോട്ടയത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയുള്ള ബാറിൽ നിന്ന് മദ്യപിച്ചിട്ടാണ് സുരേഷ് കുമാർ ട്രെയിനിൽ കയറിയതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി.
