പാപ്പിനിശ്ശേരി :- ദേശീയപാതയിലെ വളപട്ടണം പാലം കഴിഞ്ഞ ഒരു മാസമായി കൂരിരുട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. ഏതാനും വർഷങ്ങളായി ദേശീയപാത 66-ലെ ഏറ്റവും തിരക്കേറിയ പാലത്തിന്റെ അവസ്ഥ ഈ രീതിയിലാണ്. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നുപോകുന്ന പാലത്തിലെ കുഴികളും തകർച്ചയും രാത്രി കാലത്തെ കൂരിരുട്ടും വലിയ ദുരിതമാണുണ്ടാക്കുന്നത്. മിക്ക ദിവസവും പാലത്തിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്നു. അതിനിടയിൽ ഏതെങ്കിലും വാഹനം തകരാറിലായാൽ പാലത്തിലെ യാത്രാദുരിതം ഇരട്ടിയാകും.
2016-നുശേഷം കൃത്യമായ ടാറിങ്പോലും നടത്താത്ത പാലത്തിലെ ടാറിങ് പാളി പല സ്ഥലത്തും അടർന്ന നിലയിലാണ്. ഇതോടൊപ്പം ടാറിങ് ഇളകി കുഴികൾ നിറഞ്ഞ സ്ഥിതിയാണ്. ഇതോടൊപ്പം ഇരുഭാഗത്തെയും നടപ്പാതയാണെങ്കിൽ പൊട്ടിപ്പൊളിഞ്ഞ് കാടുകയറിയും കിടക്കുന്നു. നടപ്പാതയിലെ മിക്ക സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുകയാണ്. അതിനിടയിൽ പുല്ലും കാടും കയറിയ നടപ്പാതയിലൂടെ പകൽയാത്ര തന്നെ ദുഷ്കരമാണ്. പാലത്തിലെ കൂരിരുട്ടിനിടയിൽ നടപ്പാതയിലെ യാത്രയും അപകടസാധ്യതയുയർത്തുന്നുണ്ട്.
