കണ്ണൂരിൽ ആർ.ശങ്കറിന്റെ ശില്പം ഒരുങ്ങി ; നാളെ അനാച്ഛാദനം ചെയ്യും


പഴയങ്ങാടി :- മുൻ കേരള മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ആർ.ശങ്കറിന്റെ അർധകായ ശില്പം കണ്ണൂരിൽ ഒരുങ്ങുന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയാണ് ശില്പം നിർമിക്കുന്നത്. ഫൈബർഗ്ലാസിൽ അഞ്ചടി ഉയരമുള്ള ശില്പം വെള്ളിയാഴ്ച കണ്ണൂർ നഗരത്തിൽ അനാച്ഛാദനം ചെയ്യും. കണ്ണൂർ കോർപ്പറേഷനാണ് പ്രതിമ സ്ഥാപിക്കുന്നത്. ശ്രീ നാരായണ ട്രസ്റ്റ് കണ്ണൂർ ആർഡിസിയും എസ്എൻഡിപി യോഗം കണ്ണൂർ യൂണിയനുമാണ് സ്പോൺസർമാർ. 

കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ആർ.ശങ്കർ മുഖ്യമന്ത്രിപദം അലങ്കരിച്ചത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. എസ്എൻ ട്രസ്റ്റ് സ്ഥാപകനും ആർ.ശങ്കറായിരുന്നു. ഇക്കാലത്താണ് കേരളത്തിലാകെ ട്രസ്റ്റിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത്. മികച്ച സാമൂഹികപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനും പത്രാധിപരുമൊക്കെയായിരുന്ന ശങ്കറിനുനൽകുന്ന ഉചിതസ്മാരകമായി ഈ ശില്പം മാറും. ആധുനിക കേരളത്തിന്റെ ഗതിവിഗതികൾ രൂപപ്പെടുത്തിയ ഒരു അസാമാന്യ പ്രതിഭയായിട്ടാണ് കാലം ശങ്കറിനെ വിലയിരുത്തുന്നത്.

കെ.കെ.ആർ വെങ്ങരയുടെ കലാജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ഇത്തരം ഒരു ശില്പം ചെയ്യാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. കണ്ണൂർ കാൽടെക്സിലെ സമാധാന പ്രാവിന്റെ ശില്പവും പ്രഭാത് ജങ്ഷനിലെ നമസ്തേ ശില്പവും നഗരത്തിൽ വെങ്ങര നിർമിച്ച ശ്രദ്ധേയ ശില്പങ്ങളാണ്. ഷാജി മാടായി, നാരായണൻ നരിക്കാംവള്ളി, ശ്രീജിത്ത്, രതീശൻ പടോളി, സജിത്ത് എന്നിവർ സഹായികളായി പ്രവർത്തിച്ചു.

Previous Post Next Post