ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾ ജാഗ്രതൈ ; അതീവ സുരക്ഷാ മുന്നറിയിപ്പുമായി സെർട്-ഇൻ


ദില്ലി :- വിവിധ ആപ്പിൾ ഉത്പന്നങ്ങളും ഡിവൈസുകളും ഉപയോഗിക്കുന്നവർക്ക് ഉയർന്ന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്-ഇൻ). ഐഫോണുകളും ഐപാഡുകളും അടക്കമുള്ളവ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് സെർട്-ഇൻ നിർദ്ദേശിച്ചു. ആപ്പിൾ ഡിവൈസുകളിൽ ഹാക്കർമാർക്ക് അനായാസം നുഴഞ്ഞുകയറാനാവുന്ന പിഴവുകൾ കണ്ടെത്തി എന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പറയുന്നത്. ഈ പിഴവുകൾ അനിയന്ത്രിതമായ കോഡുകൾ നടപ്പിലാക്കാനും, സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും, സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, ഡിനൈൽ-ഓഫ്-സർവീസ് (Dos) അറ്റാക്കുകൾക്ക് കാരണമാകാനും, സേവനങ്ങൾ തടസപ്പെടുത്താനും വഴിയൊരുക്കുമെന്നും മുന്നറിയിപ്പിൽ സെർട്-ഇൻ വിശദീകരിക്കുന്നു.

ഐഫോൺ യൂസർമാർ ജാഗ്രതൈ

ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചുള്ള സൈബർ ആക്രമണങ്ങൾക്കാണ് സാധ്യതയെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പിൽ പറയുന്നു. 26.1ന് മുമ്പുള്ള ഐഫോൺ, ഐപാഡ് വേർഷനുകൾ, 11.1ന് മുമ്പുള്ള വാച്ച്ഒഎസ് വേർഷനുകൾ, 18.1ന് മുമ്പുള്ള ടിവിഒഎസ് വേർഷനുകൾ, 2.1ന് മുമ്പുള്ള വിഷൻഒഎസ് വേർഷനുകൾ, 17.6.1ന് മുമ്പുള്ള സഫാരി വേർഷനുകൾ, 15.4ന് മുമ്പുള്ള എക്സസ്കോഡ് വേർഷനുകൾ, 15.1ന് മുമ്പുള്ള macOS Sequoia വേർഷനുകൾ, 13.7.1ന് മുമ്പുള്ള Ventura വേർഷനുകൾ, 12.7.2ന് മുമ്പുള്ള Monterey വേർഷനുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഡിവൈസുകൾ ഉടനടി അപ്ഡേറ്റ് ചെയ്യാനാണ് നിർദേശം.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ പ്രശ്ന‌ങ്ങൾ ആപ്പിൾ ഡിവൈസുകളിലുടനീളം കേർണൽ, വെബ്കിറ്റ്, കോർആനിമേഷൻ, സിരി തുടങ്ങിയ സിസ്റ്റം ഘടകങ്ങളെ ബാധിക്കുന്നവയാണ്. ഉയർന്ന അപകട സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത് എന്നതിനാൽ, എല്ലാ ഐഫോൺ ഉപയോക്താക്കളും ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പുകളിലേക്ക് (iOS 26.1 ഉം മറ്റുള്ളവയും) അവരുടെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ CERT-In ശുപാർശ ചെയ്യുന്നു. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്ന പാച്ചുകൾ ഈ അപ്ഡേറ്റുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിളിന്റെ മറ്റെല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ആപ്പുകളിലും സമാനമായി പുതിയ പതിപ്പുകളിൽ സുരക്ഷാ പാച്ചുകൾ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ ഉപഭോക്താക്കൾ ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

ഐഫോൺ ഉപഭോക്താക്കൾ ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ഇനാബിൾ ചെയ്യാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്-ഇൻ) നിർദേശിക്കുന്നു. വിശ്വസനീയമായ സോഴ്സുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂവെന്നും സെർട്-ഇൻ നിർദേശിച്ചു. അനാവശ്യമായി ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഐഫോൺ ഉപഭോക്താക്കളെ ഉപദേശിക്കുന്നു.

Previous Post Next Post