പത്തനംതിട്ട :- ശബരിമല അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക്. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. ഇന്നലെയും ശബരിമലയിൽ തീർഥാടകരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപ ടി കയറാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പായിരുന്നു. പുലർച്ചെ നട തുറന്നപ്പോൾ മരക്കൂട്ടം വരെ ക്യൂ ഉണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും അത് ഫോറസ്‌റ്റ് ഓഫിസ് പടി വരെയായി കുറഞ്ഞു.
എങ്കിലും ഉച്ചയ്ക്കു ശേഷം തിരക്ക് അൽപം കൂടിയിട്ടുണ്ട്. 3 വരെ 5767 പേരാണ് മലകയറി .എത്തിയത്. ഇതിൽ 4585 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. സന്ധ്യയായതോടെ തിരക്ക് അൽപം കൂടി വർധിച്ചു. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടിട്ടുണ്ട്. സ്പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തിയതു ഒട്ടേറെ തീർഥാടകരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇരുമുടിക്കെട്ടുമായി നില യ്ക്കൽ എത്തി സ്പോട് ബുക്കിങ് കിട്ടാനായി രണ്ട് ദിവസത്തിൽ കൂടുതൽ കാത്തുകിടക്കേണ്ടി വരുന്ന അനുഭവങ്ങളും തീർഥാടകർ പങ്കുവച്ചു.
