മുളക് സ്പ്രേ അടിച്ച് ജ്വല്ലറിയിൽ കവർച്ചാശ്രമം നടത്തിയ യുവതി പിടിയിൽ


കോഴിക്കോട് :- പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ മുളക് സ്പ്രേ ഉപയോഗിച്ച് പട്ടാപ്പകൽ കവർച്ചാശ്രമം നടത്തിയ യുവതിയെ നാട്ടുകാർ പിടികൂടി. പെരുവയൽ പരിയങ്ങാട് തടായി മേലേ മേത്തലേടം സൗദാബി (47) ആണ് പിടിയിലായത്. വ്യാഴം രാവിലെ പത്തരയോടെയാണ് അങ്ങാടിയിലെ തിരക്കേറിയ ഭാഗത്തെ ജ്വല്ലറിയിൽ യുവതി സ്വർണാഭരണം വാങ്ങാനെന്ന രീതിയിൽ എത്തിയത്. ജ്വല്ലറി ഉടമ മുട്ടഞ്ചേരി രാജൻ സ്വർണാഭരണം എടുക്കാനായി ഉൾവശത്തുള്ള സ്റ്റോർ റൂമിലേക്ക് കടന്നതോടെ സഞ്ചിയിൽ കരുതിയ മുളക് സ്പ്രേയുമായി യുവതിയും ഉള്ളിലേക്ക് കടക്കുകയും സ്പ്രേ അടിക്കുകയുമായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം പകച്ചുപോയ ഉടമ മോഷണ ശ്രമം ആണെന്ന് മനസ്സിലായതോടെ പ്രതിരോധിച്ചു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടിത്തത്തിനിടെ രണ്ട് പേരും കടയ്ക്ക് പുറത്തെത്തി. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ അടുത്ത കടകളിലും പരിസരത്തും ഉള്ളവർ ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ഇതിനിടെ യുവതി സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പന്തീരാങ്കാവ് പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ആഴ്ചകൾക്ക് മുൻപ് ഈ യുവതി ജൂവലറിയിൽ പലതവണ സ്വർണം വാങ്ങാനെന്ന പേരിൽ വന്നിരുന്നുവെന്ന് ഉടമ രാജൻ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് ഇവർ തിരികെ പോവുക ആയിരുന്നു.

Previous Post Next Post