മയ്യിൽ :- കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കളിച്ച് വളർന്ന സുഹൃത്തുക്കളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ക്രിക്കറ്റ് സ്റ്റേഡിയം എന്നത്. ഉപേക്ഷിച്ച ചെങ്കൽപ്പണയിൽ മൂന്നേക്കറിൽ കിടിലൻ മൈതാനമൊരുക്കിയിരിക്കുകയാണിവർ. കമ്പിലിലെ വിദ്യാഭ്യാസ സ്ഥാപന ഉടമയും അപ്പാച്ചി ക്രിക്കറ്റ് ക്ലബ് സ്ഥാപകനുമായ വി.പി ഫൈസലും സുഹൃത്തുക്കളായ ലോറിഡ്രൈവർ നിരന്തോടിലെ കെ.പി ജസീം, മയ്യിൽ നിരത്തുപാലത്തിനു സമീപത്തെ ഇ.പി സാദിഖ് എന്നിവരാണ് സ്റ്റേഡിയത്തിന് പിന്നിൽ.
ഫ്ലഡ് ലിറ്റ്, ശൗചാലയങ്ങൾ, കുളിമുറികൾ, പരിശീലനത്തിനായുള്ള മികച്ച സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഐസിസി ലെവൽ ഒന്ന് ഇൻസ്ട്രക്ടർ രാഹുൽരാജേന്ദ്രയാണ് പരിശീലകൻ. ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് സാങ്കേതികവിവരങ്ങളും മറ്റ് കാര്യങ്ങളും നൽകുന്നത്. മയ്യിൽ പഞ്ചായത്ത്, സ്പോർട്‌സ് കൗൺസിൽ, കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവയുടെ അനുമതിയോടെയാണ് 120x120 ചതുരശ്രമീറ്റർ ചുറ്റളവിൽ ക്രിക്സോൺ ക്ലബ് മൈതാനം ഒരുക്കിയത്. അതിന് മുന്നോടിയായി മൂവരും ഇതര സം സ്ഥാനങ്ങളിലെയും സംസ്ഥാ നത്തിനകത്തെയും വിവിധയിടങ്ങളിലെത്തി പഠനം നടത്തിയിരുന്നു.
അതിന് ശേഷമാണ് മയ്യിൽ കാഞ്ഞിരത്തട്ടിനു സമീപത്തെ ഉപേക്ഷിച്ച ചെങ്കൽപ്പണ ഉപയോഗിക്കാൻ തീരുമാനിച്ചത്. സ്ഥലമുടമ നാറാത്തെ പുത്തൻ വീട്ടിൽ ഹരി ദാസനിൽനിന്ന് വാടകക്കെടുത്താണ് അക്കാദമി സ്ഥാ പിച്ചത്. പെൺകുട്ടികൾക്കുംആൺകുട്ടികൾക്കും പ്രത്യേക പരിശീലനത്തിനും സൗകര്യമുണ്ട്. അക്കാദമിയും നെറ്റ് പ്രാക്ടീസിനുള്ള സൗകര്യവും ഞായറാഴ്ച കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്തു. .

