ദില്ലി :- കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സംസ്ഥാന തൊഴിൽ മന്ത്രി. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധിക( യോഗത്തിൽ പങ്കെടുത്തു. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും. എല്ലാ ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യത, സംസ്ഥാനത്തിന് പുതിയ ലേബർ കോഡിൽ എത്രത്തോളം ഇടപെടാനാവും എന്നതടക്കം യോഗം ചർച്ച ചെയ്യും. ഇതിൽ നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം പരിഗണിക്കും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കും. ഡിസംബർ 19 ന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നത് മന്ത്രി ചൂണ്ടിക്കാട്ടി. കറുത്ത ബാഡ്‌ജ് ധരിച്ചാണ് തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. ഇത്തരത്തിൽ ബാഡ്‌ജ് ധരിച്ചവർക്കെതിരെ ചില സ്ഥാപനങ്ങളിൽ നോട്ടീസ് നൽകിയതായി അറിഞ്ഞു. അത്തരത്തിലൊരു നടപടി കേരളത്തിലൊരു തൊഴിലാളിക്കെതിരെ എടുക്കാൻ സാധിക്കില്ലെന്ന് ഓർമിപ്പിക്കുന്നു. അതിന് സർക്കാർ അനുവദിക്കില്ല. തൊഴിലാളികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുത്തി അടിച്ചമർത്താൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ലേബർ കോഡ് വന്ന ശേഷം നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ലേബർ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. മിനി ആൻ്റണിയാണ് യോഗത്തിൽ പങ്കെടുത്തത്. റൂൾസ് ഫ്രെയിം ചെയ്യാൻ യോഗത്തിൽ നിർദേശിച്ചു. അത് മിനി ആന്റണി ചെയ്‌തു, സർക്കാരിന് കൈമാറി. 2022 ജൂലൈ 9 ന് അപ്പോളോ ഡിമോറോയിൽ വച്ച് അതിൻ്റെ ഭാഗമായി സെമിനാർ നടന്നു. കരട് അവിടെ വച്ച് എല്ലാവർക്കും വിതരണം ചെയ്തു. ലേബർ കമ്മീഷണറുടെ സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചു. എല്ലാ സംഘടനകളുടെയും നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. തൊഴിലാളി വിരുദ്ധ വകുപ്പുകൾ ഒഴിവാക്കാൻ സംസ്ഥാന തൊഴിൽ മന്ത്രിയെ ചുമതലപ്പെടുത്തി. എന്നാൽ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ല. കരട് ഈ കെട്ടിവച്ച നിലയിൽ ഇവിടെ തന്നെയിരിക്കും.
