തിരുവനന്തപുരം :- വോട്ടെടുപ്പ് കഴിഞ്ഞാലുടൻ പ്രചാരണ സാമഗ്രികൾ, പാഴ് വസ്തുക്കൾ എന്നിവ സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും ഹരിതകർമ സേനയ്ക്ക് യൂസർഫീ സഹിതം കൈമാറണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ മാർഗനിർദേശം. നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സെക്രട്ടറി ഇവ നീക്കം ചെയ്യും. ചെലവ് സഥാനാർഥിയിൽ നിന്ന് ഈടാക്കും. മാലിന്യ പരിപാലനത്തിൽ ഉണ്ടാകുന്ന വീഴ്ച സ്ഥാനാർഥിയുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി നടപടിയെടുക്കുമെന്നും മാർഗരേഖയിൽ പറയുന്നു. ഹരിതചട്ട ലംഘനം റിപ്പോർട്ട് ചെയ്യുന്നതിന് വാട്സാപ് നമ്പർ ജനങ്ങളിലെത്തിക്കും.
തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യപരിപാലനം വീഴ്ച കൂടാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല കലക്ടർമാർക്കാണ്. ഇതിനായി അസിസ്‌റ്റന്റ് ഡയറക്‌ടർ (മാലിന്യ പരിപാലനം), ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തുടങ്ങിയവർ ഉൾപ്പെടുന്ന ഹരിതചട്ടം സെൽ കലക്ടറുടെ പിന്തുണ സംവിധാനമായി പ്രവർത്തിക്കും. പോളിങ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കുമുള്ള ഭക്ഷണത്തിനായി പ്ലാസ്റ്റിക് പാഴ്സലുകൾ പൂർണമായും ഒഴിവാക്കി പകരം വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ ലഭ്യമാക്കണം. ഇതിനുള്ള ക്രമീകരണം കുടുംബശ്രീ കേറ്ററിങ് യൂണിറ്റുകൾ വഴി കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഒരുക്കണം.
