അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾ മരണപ്പെട്ട സംഭവം ; ചികിത്സിക്കാൻ വൈകിയെത്തിയത് മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


പാലക്കാട് :- പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ് മോർട്ടം വിവരങ്ങൾ പുറത്ത്. നാലുവയസുകാരൻ അജിനേഷിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. മരിച്ച ഏഴുവയസുകാരൻ ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിലെ മുറിവിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നാലുവയസുകാരൻ അജിനേഷിന് തലക്കും നെഞ്ചിലുമാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ വൈകിയെത്തിച്ചത് മരണത്തിലേക്ക് നയിച്ചെന്ന് കോട്ടത്തറ ആശുപത്രി അധികൃതർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദിയെ ആശുപത്രിയിലെത്തിക്കുമ്പോഴും ചെറിയ അനക്കമുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. തുടയെല്ലിലെ പൊട്ടൽ കാരണം ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പെ മരിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞാണ് നവംബർ 8ന് സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായത്. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവിൽ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തിൽ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വർഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം. മേൽക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു. സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാൻ എത്താറുണ്ട്. സ്‌കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അജയ് - ദേവി ദമ്പതികളുടെ മക്കൾക്കാണ് അപകടത്തിൽ ജീവൻ രക്ഷപ്പെട്ടത്.

Previous Post Next Post