ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കം ഇനി ഏപ്രിലിൽ ആരംഭിക്കും ; ക്രമീകരണത്തിലെ പാളിച്ചകളിൽ തിരുത്തലിനൊരുങ്ങി ദേവസ്വം ബോർഡ്


പത്തനംതിട്ട :- ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കം ഇനിമുതൽ എല്ലാവർഷവും ഏപ്രിലിൽ തുടങ്ങും. ശബരിമലയിലെ ക്രമീകരണം പാളിയതിന്റെ പേരിലുള്ള ഹൈക്കോടതി വിമർശനം കണക്കിലെടുത്ത് തിരുത്തലിന് ഒരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
വിഷുക്കാലപൂജ കഴിയുന്നതോടെ പമ്പയിൽ തീർഥാടന മാനേജ്മെന്റ് ഓഫീസ് തുറക്കും.
തീർഥാടന ഒരുക്കങ്ങളൊന്നും ഒക്ടോബറിനു ശേഷം ബാക്കിവെക്കാത്തവിധം സമയക്രമം നിശ്ചയിച്ച് മാന്വൽ തയ്യാറാക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. മാന്വലുണ്ടാക്കാൻ മാനേജ്മെന്റ് വൈദഗ്ധ്യമുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തും.

• അടുത്ത തീർഥാടനത്തിനു മുൻപ് മാന്വൽ. ഇനിയുള്ള ഉത്സവങ്ങളെല്ലാം മാന്വൽ പ്ര കാരംമാത്രം.

• തിരക്കുനിയന്ത്രണം ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങൾക്കും ശാസ്ത്രീയ സമീപനം വരും.

• ശബരിമലയിൽ ബോർഡിൻ്റെ കരാറുകൾ എപ്പോൾ തുടങ്ങണം, പൂർത്തിയാക്കണം എന്നു നേരത്തെ നിശ്ചയിക്കും. അപ്പം, അരവണ, മറ്റുപ്രസാദങ്ങൾ തുടങ്ങിയവയ്ക്ക് സാധനങ്ങൾ നൽകുക, മരാമത്തു ജോലികൾ തുടങ്ങി എല്ലാ കരാറുകളും ഈ വിധമായിരിക്കും. ഇപ്പോൾ സ്ഥിരമായി ഒരേ കരാറുകാരാണ്.

• ശുചീകരണം ഉൾപ്പെടെ ഓരോ വിഭാഗത്തിലേയും ക്രമീകരണങ്ങൾക്കും നടത്തിപ്പിനും സമയക്രമം വരും.

• ഒരുക്കങ്ങളുടെ വിലയിരുത്തലിനും നടത്തിപ്പിനും പമ്പയിൽ ഓഫീസ് തുടങ്ങുന്നത് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി കണക്കിലെടുത്ത്. മാസ പൂജയ്ക്ക് നടതുറക്കാത്തപ്പോഴും പമ്പ കേന്ദ്രീകരിച്ച് ശബരിമലയിലും പമ്പയിലും സന്നിധാനത്തുമൊക്കെ ഒരുക്കം തുടരാൻ ഇത് സഹായമാകും. ഇപ്പോൾ തിരുവനന്തപുരത്ത് ബോർഡിന്റെ ആസ്ഥാനം കേന്ദ്രമാക്കിയാണ് പ്രധാന തയ്യാറെടുപ്പുകളെല്ലാം.

• ജീവനക്കാർ എങ്ങനെ പ്രവർത്തിക്കണം, പെരുമാറണം എന്നിവയിൽ ആവശ്യമെങ്കിൽ പരിശീലനം.
 
Previous Post Next Post