കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇനി ശരണം വിളികളുടെ നാളുകൾ. വൃശ്ചിക സംക്രമദിനമായ ഇന്ന് മുതൽ മണ്ഡല -മകരവിളക്ക് ആഘോഷത്തിന് തുടക്കം. നവംബർ 17 (വൃശ്ചികം 1) മുതൽ ഡിസംബർ 25 (ധനു 10) വരെ എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, ഒറ്റകലശാഭിഷേകം, വിശേഷാൽ പൂജകൾ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, നിറമാല, അയ്യപ്പ സേവാസംഘത്തിന്റെ ഭജന, പ്രസാദവിതരണം എന്നിവ നടക്കും. ഡിസംബർ 6 ശനിയാഴ്ച അയ്യപ്പ സേവാ സമിതിയുടെ വക വലിയ നിറമാലയും കർപ്പൂര ദീപപ്രദക്ഷിണവും അന്നദാനവും ഉണ്ടായിരിക്കും.
വൃശ്ചികത്തിലെ കാർത്തികദിനമായ ഡിസംബർ 4 ന് തൃകാർത്തിക പൂജയും ഡിസംബർ 25 (ധനു 10) ന് നാറാത്ത് മുച്ചിലോട്ടു കാവിൽ നിന്നുള്ള എഴുന്നള്ളത്തും ചുറ്റുവിളക്കും തിരുവായുധം എഴുന്നള്ളത്തും നടക്കും. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരി, ഇ.എൻ ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ശബരിമല തീർത്ഥാടകർക്ക് മാലധരിക്കലിനും കെട്ടു നിറയ്ക്കുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.മഹേഷ് അറിയിച്ചു.
തുലാമാസത്തിലെ അഞ്ചാം ശനിതൊഴലിന് വൻ ഭക്തജനത്തിരക്കായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ വിശേഷാൽ ശനി പൂജ, ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ ശനി ജപം തുടർന്ന് അന്നദാനം എന്നിവ നടന്നു.
.jpg)