പയ്യന്നൂർ :- പയ്യന്നൂരിലെ ഏച്ചിലാംവയൽ കുന്നിൻ മുകളിൽ വരുന്ന ആസ്ട്രോ സയൻസ് പാർക്ക്, പ്ലാനറ്റേറിയം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ നവംബർ 4 ന് വൈകുന്നേരം 5 മണിക്ക് ഓൺലൈനായി ശിലാസ്ഥാപനം നിർവഹിക്കും. ടി.ഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും. 14 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ സ്ഥാപനം പയ്യന്നൂരിനെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുതിയ കേന്ദ്രമാക്കി മാറ്റും.
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. വാനനിരീക്ഷകനായ വെള്ളൂർ ഗംഗാധരൻ്റെ നേതൃത്വത്തിൽ 2006 ലാണ് ആസ്ട്രോ രൂപവത്കരിച്ചത്. എം.പി സാവിത്രിയമ്മയുടെ സ്മരണാർഥം മക്കൾ സംഭാവനയായി നൽകിയ ഒരേക്കറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം പ്ലാനറ്റേറിയം പ്രദർശനവും ടെലിസ്റ്റോപ്പിലൂടെയുള്ള ആകാശ നിരീക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്.
