എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ഷാർജ വിമാനം റദ്ദാക്കി ; മട്ടന്നൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ഷാർജ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. വൈകിട്ട് 6ന് കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്‌സ് 741 നമ്പർ വിമാനമാണ് സാങ്കേതിക കാരണത്തെ ത്തുടർന്ന് റദ്ദാക്കിയത്. ഉച്ചയ്ക്ക് 2 മുതൽ യാത്രക്കാർ ചെക്ക്-ഇൻ ചെയ്യാൻ എത്തിയിരുന്നു. പലരും വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസില്ലെന്ന കാര്യം അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. മുൻ കൂട്ടി വിവരം അറിയിക്കാത്തതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. 

ചെക്ക്-ഇൻ ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ അബുദാബി, ദുബായ് വിമാനത്തിൽ യാത സൗകര്യം ഒരുക്കിയതായി എയർലൈൻ പ്രതിനിധി പറഞ്ഞു. ഇന്നലെ രാവിലെ ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണത്തെ തുടർന്ന് വൈകിയതോടെ എയർ ക്രാഫ്റ്റ് പലതും പരസ്‌പരം മാറ്റേണ്ടി വന്നു. ഇതു പല സർവീസുകളും വൈകുന്നതിനും കാരണമായി. ദുബായ്, റിയാദ്, തിരുവനന്തപുരം, ബെംഗളൂരു സർവീസുകളാണ് വൈകിയത്. ഇതേ തുടർന്നാണ് ഷാർജ സർവീസ് റദ്ദാക്കിയത്. ഇന്നലെ 2 വിമാനങ്ങളിലായി യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക റീഫണ്ട് സൗകര്യം ഏർ പ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

Previous Post Next Post