വ്യാജ വിളികൾ കണ്ടെത്താൻ സഞ്ചാർ സാഥി പോർട്ടലിൽ സംവിധാനം ഒരുങ്ങി


ന്യൂഡൽഹി :- ബാങ്കിൽ നിന്നെന്നു പറഞ്ഞെത്തുന്ന വിളികളും മെസേജുകളും യഥാർഥമാണോ യെന്ന് ഇനി പരിശോധിച്ചുറപ്പിക്കാം. ടെലികോം വകുപ്പിന്റെ സഞ്ചാർ സാഥി പോർട്ടലിൽ ട്രസ്റ്റഡ് കോണ്ടാക്റ്റ് ഡീറ്റെയ്ൽസ്' എന്ന ഫീച്ചർ ആരംഭിച്ചു. ധനകാര്യസ്ഥാപനങ്ങളിൽ നിന്നെന്ന മട്ടിലുള്ള നമ്പറുകൾ ഇതിൽ പരിശോധിച്ചാൽ ഔദ്യോഗിക നമ്പറുകളാണോയെന്നു കണ്ടുപിടിക്കാം. മൊബൈൽ നമ്പറിനു പുറമേ ഇമെയിൽ ഐഡി, സ്ഥാപനത്തിന്റെ പേര്, വെബ്സൈറ്റ് എന്നിവയും ഇത്തരത്തിൽ സേർച് ചെയ്യാം. വ്യാജ വെബ്സൈറ്റുകളിൽ തട്ടിപ്പിന് ഇരയാകുന്നതും ഒഴിവാക്കാം.

sancharsaathi.gov.in എന്ന വെബ്സൈറ്റ് തുറക്കുക. "Trusted Contact Details' തിരഞ്ഞെടുക്കുക. നമ്പർ, പേര്, ഇമെയിൽ ഐഡി, വെബ്സൈറ്റ് എന്നിവയിലേതെങ്കിലുമുപയോഗിച്ച് തിരയാം. ഉദാഹരണത്തിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെന്നു തിരഞ്ഞാൽ ബാങ്കിന്റെ എല്ലാ ഔദ്യോഗിക ഫോൺ നമ്പറുകളും വാട്‌സാപ് നമ്പറുകളും വെബ്സൈറ്റ് വിലാസവും ഇമെയിൽ വിലാസങ്ങളും ലഭ്യമാകും. ഇതിൽ ഉൾപ്പെടാത്തവയിൽ നിന്നാണ് കോൾ അല്ലെങ്കിൽ മെസേജ് എത്തിയതെങ്കിൽ റിപ്പോർട്ട് ചെയ്യാം.

Previous Post Next Post