വിഷം നൽകി മകനെ കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവിന് രണ്ടര വർഷം കഠിനതടവും പിഴയും


തലശ്ശേരി :- കണ്ണൂർ കക്കാട് ആറു വയസ്സുള്ള മകന് ശീതളപാനീയത്തിൽ എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ രണ്ടര വർഷം കഠിന തടവിനും 25,000 രൂപ പിഴയടയ്ക്കാനും അഡിഷനൽ സെഷൻസ് കോടതി (4) ജഡ്‌ജി ജെ.വിമൽ ശിക്ഷിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി ഉളിയ നെല്ലൂർ സ്വദേശി സെന്തിൽ കുമാറിനെയാണ് (മുഹമ്മദ് ബിലാൽ) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 4 മാസം കൂടുതൽ തടവ് അനുഭവിക്കണം.

2016 ഓഗസ്‌റ്റ് 2ന് ആണു സംഭവം. ഭാര്യയുമായുള്ള കുടുംബപ്രശ്‌നത്തെ തുടർന്നു മകനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയി വിഷം കലർത്തിയ ശീതളപാനീയം കുടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. കക്കാട് യത്തീംഖാനയ്ക്കു സമീപം എ.എം ഷൗക്കത്തലിയുടെ പരാതിയിലാണു പൊലീസ് കേസ് റജിസ്‌റ്റർ ചെയ്തത്‌. പരാതിക്കാരൻ്റെ സഹോദരീ ഭർത്താവാണു പ്രതി. അന്നത്തെ കണ്ണൂർ ടൗൺ സിഐ കെ.വി വേണുഗോപാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.രേഷ്‌മ ഹാജരായി.

Previous Post Next Post