മാഹി :- തലശ്ശേരി - മാഹി ബൈപാസിൽ ഗതാഗതം സജീവമായതോടെ ട്രാഫിക് ലംഘനവും അപകടവും വർധിക്കുന്നു. മിക്കസ്ഥലത്തും സർവീസ് റോഡിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതും ദേശീയപാതയിലേക്കു കയറുന്നതും തോന്നുന്നതുപോലെയാണ്. ഇതുമൂലം സർവീസ് റോഡിൽ ഗതാഗതക്കുരുക്കു പതിവായി. തെറ്റായ ദിശയിൽ സർവീസ് റോഡിൽ കയറുകയും യൂടേൺ പാടില്ലാത്ത സ്‌ഥലങ്ങളിൽ നിന്നു സർവീസ് റോഡിലേക്കും ബൈപാസിലേക്കും പ്രവേശിക്കുകയും ചെയ്യുന്നതിനാൽ വൻ ദുരന്തത്തിനു സാധ്യത വർധിച്ചു. സർവീസ് റോഡിൽ പ്രവേശിക്കുന്ന സ്ഥലങ്ങളിൽ സൂചക ബോർഡുകൾ ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ബോധവൽക്കരണ ബോർഡ് സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ബൈപാസിലെ ഏകമേൽപാലത്തിനു സമീപം പള്ളൂർ ബൈപാസിനു ഇരുവശവും ചരക്കുവാഹനവും മറ്റും നിർത്തിയിടു ന്നത് വലിയ അപകടത്തിനു വഴിയൊരുക്കുന്നു എന്ന് ഡ്രൈവർമാരും നാട്ടുകാരും പറയുന്നു. മേൽപാലത്തിനു സമീപം മിക്ക വാഹനങ്ങളും നിർത്തിയിടുന്നത് മാഹി മദ്യം വാങ്ങാൻ ആണെന്നും നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ നിർത്തിയിടുന്നതു തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ക്യാമറ സ്‌ഥാപിച്ച് നിരീക്ഷണ മേർപ്പെടത്തണമെന്നാണ് ആവശ്യം. ബൈപാസിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഴിഞ്ഞദിവസം സ്‌കൂട്ടർ യാത്രക്കാരി പള്ളൂർ സ്വദേശി രമിത ലോറി ഇടിച്ച് മരിച്ചതെന്ന് ആരോപണമുയർന്നു. ബൈപാസ് അപകടപ്പാതയാക്കുന്ന നടപടികൾ തടയാൻ ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
