കണ്ണൂർ:-കണ്ണൂർ ജില്ലയിലെ വിവിധ റോഡുകളിൽ കാൽ നട യാത്രകാർക്ക് മുൻഗണന ലഭിക്കുന്നില്ല എന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീബ്ര ക്രോസ്സിംഗ് ഉള്ള റോഡുകളിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ 50 ഓളം വാഹനങ്ങൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.
സീബ്ര ക്രോസ്സിംഗിൽ കാൽനട യാത്രക്കാർക്ക് നിയമപരമായി മുൻഗണന ഉണ്ട്. കാൽനട യാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ തുടങ്ങുമ്പോൾ, അല്ലെങ്കിൽ കാത്തു നിൽക്കുമ്പോൾ വാഹനങ്ങൾ നിർത്തി അവർക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കണം എന്നാണ് മോട്ടോർ വാഹന നിയമത്തിൽ പറയുന്നത്.
സീബ്ര ക്രോസിംഗ് അടുത്ത് വരുന്നു എന്ന് സൂചന കണ്ടാൽ വാഹനം വേഗത കുറക്കുക, കാൽനട യാത്രക്കാർ ക്രോസിംഗിൽ ഉണ്ടെങ്കിൽ ക്രോസിംഗിന് മുന്നിലുള്ള സ്റ്റോപ്പ് ലൈനിൽ പുറകിലായി വാഹനം നിർത്തുക, അതിനു ശേഷം കാൽനട യാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാഹനം മുന്നോട്ട് എടുക്കുക തുടങ്ങിയ നിയമങ്ങൾ ഉണ്ടെങ്കിലും ഒട്ടുമിക്ക ഡ്രൈവർമാരും ഇത് മുഖവിലക്കെടുക്കാതെ, നിയമം പാലിക്കാതെ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ഡ്രൈവ് ചെയ്യുന്നതായിട്ടുള്ള വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോസ്മെന്റ് ആർ ടി ഒ ഇ. എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ അമ്പതോളം വാഹനങ്ങൾ നിയമ ലംഘനം നടത്തുന്നതായി ബോധ്യപ്പെടുകയും, നിയമം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാൽനട യാത്രക്കാർക്ക് സീബ്രാ ക്രോസിംഗ് ഉപയോഗിച്ച് റോഡ് മുറിച്ച് കടക്കുന്നതിന് മുമ്പ് ഇരുവശവും ശ്രദ്ധിച്ചു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം റോഡ് മുറിച്ച് കടക്കാൻ വേണ്ടിയുള്ള നിർദ്ദേശവും കൊടുത്തിട്ടുണ്ട്.
പരിശോധനയിൽ കണ്ണൂർ ആർടിഒ എൻഫോസ്മെന്റ് സ്ക്വാഡ് എം.വി. ഐ സി. എ പ്രദീപ്കുമാർ, എ എം വി ഐ വിവേക് രാജ്, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു. ഇനി വരും ദിവസങ്ങളിലും കണ്ണൂർ ജില്ലയിലെ വിവിധ റോഡുകളിൽ ഇതുപോലെയുള്ള മിന്നൽ പരിശോധനകൾ ഉണ്ടാവും എന്നും കണ്ണൂർ എൻഫോസ്മെന്റ് ആർ ടി ഒ ഇ. എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു.
