ആധാർ പുതുക്കൽ വേഗത്തിലാകും ; ചട്ടങ്ങളിൽ ഭേദഗതി വരുത്തി


തിരുവനന്തപുരം :- ആധാർ പുതുക്കൽ വേഗത്തിലും ലളിതവുമാക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ആധാർ കാർഡ് ഉടമകൾക്ക് പേര്, വിലാസം, ജനന തീയതി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി പരിഷ്‌കരിക്കാൻ കഴിയും. ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് നേരിട്ട് സന്ദർശിക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നതിനും സമയമെടുക്കുന്ന പേപ്പർ വർക്കുകൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് നവീകരിച്ച ഡിജിറ്റൽ സംവിധാനം വഴി ലക്ഷ്യമിടുന്നത്. 

പാൻ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് രേഖകൾ പോലുള്ള ലിങ്ക് ചെയ്ത സർക്കാർ ഡാറ്റാ ബേസുകൾ വഴി വിവരങ്ങൾ സ്വയമേവ പരിശോധിക്കും. വിരലടയാളം, ഐറിസ് സ്‌കാനുകൾ അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെയുള്ള ബയോമെട്രിക് അപ്ഡേറ്റുകൾക്ക് ഐഡന്റിറ്റി വെരിഫിക്കേഷനായി അംഗീകൃത ആധാർ സേവാകേന്ദ്രം സന്ദർശിക്കണം. 2025 നവംബർ 1 മുതൽ ആധാർ-പാൻ ലിങ്കിംഗ് നിർബന്ധമാണ്. അല്ലാത്ത പക്ഷം 2026 ജനുവരി 1 മുതൽ പാൻ പ്രവർത്തന രഹിതമാകുന്നതിനും കാരണമാകും. പുതിയ പാൻ കാർഡ് അപേക്ഷകർക്ക് ഈ പ്രക്രിയയുടെ ഭാഗമായി ആധാർ പരിശോധനയും ആവശ്യമാണ്.

പുതുക്കിയ ഫീസ് ഘടന

പേര്, വിലാസം അല്ലെങ്കിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ.

വിരലടയാളം, ഐറിസ് സ്‌കാൻ, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് 125 രൂപ.

അഞ്ച് മുതൽ 7 വയസ്സ് വരെയും 15 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ബയോമെട്രിക് അപ്ഡേറ്റുകൾ.

2026 ജൂൺ 14 വരെ സൗജന്യ ഓൺലൈൻ ഡോക്യുമെന്റ് അപ്ഡേറ്റുകൾ, ഇതിനുശേഷം ഒരു എന്റോൾമെൻ്റ് സെൻ്ററിൽ 75 രൂപ ചിലവാകും.

ആധാർ റീപ്രിൻ്റിന് 40 രൂപ.

ഹോം എൻറോൾമെൻ്റ് സേവനം: ആദ്യ വ്യക്തിക്ക് എഴുന്നൂറ് രൂപയും അതേ വിലാസത്തിലുള്ള ഓരോ അധിക വ്യക്തിക്കും 350 രൂപയും.

Previous Post Next Post