നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ശബരിമല തീർത്ഥാടകാരുടെ എണ്ണം കുറഞ്ഞു


ശബരിമല :- നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോൾ തീർഥാടകർ കുറഞ്ഞു. ഉച്ചപ്പൂജ ആയപ്പോഴേക്കും പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ തീർഥാടകർ പകുതിയിൽ താഴെ മാത്രം. മണ്ഡല മകരവിളക്കു തീർഥാടനത്തിനായി നട തുറന്ന ശേഷം ഏറ്റവും കുറവ് തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്നു ഹൈക്കോടതി ഇടപെട്ടാണു നിയന്ത്രണം കടുപ്പിച്ചത്.

സ്പോട് ബുക്കിങ് 5000 പേർക്കു മാത്രമായി കുറച്ചു. നിലയ്ക്കൽ, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ മാത്രമാണു സ്പോട് ബുക്കിങ്. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ കൗണ്ടറുകൾ പൂട്ടി. ഇതുകാരണം പമ്പയിൽ എത്തിയാൽ ദർ ശനത്തിനായി സന്നിധാനത്തേക്കു പോകാൻ കഴിയുമോ എന്ന സംശയമാണു തീർഥാടകരെ അലട്ടുന്നത്. നിലയ്ക്കൽ എത്തി കാത്തു നിന്നിട്ടും സ്പോട് ബുക്കിങ് കിട്ടാത്തവർ ധാരാളമുണ്ട്. അതിൽ കുറച്ചുപേർ തിരിച്ചു പോയി.

ചിലർ ഇന്ന് സ്പോട് ബുക്കിങ് കിട്ടുമെന്ന പ്രതീക്ഷയിൽ തങ്ങുന്നുമുണ്ട്. പുല്ലുമേട് വഴി വരുന്ന തീർഥാടകർക്കായിട്ടാണു വണ്ടിപ്പെരിയാർ സത്രത്തിലെ സ്പോട് ബുക്കിങ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്നലെ 12.30 വരെ പുല്ലുമേട് വഴി 1138 പേരാണു സന്നിധാനത്തേക്കു നീങ്ങിയത്. വെർച്വൽ ക്യൂ പാസ് എടുത്തു വന്നവരാണ് അതിൽ കൂടുതൽ. പ്രതിദിനം വെർച്വൽ ക്യൂ വഴി 70,000 പേർക്കു ദർശനത്തിന് അവസരം ഉണ്ട്. ഡിസംബർ 12 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. അതിനാൽ സ്പോട് ബുക്കിങ്ങാണ് ഇനിയുള്ള ആശ്രയം. 24 വരെ 5000 പേർക്കു മാത്രമാണു സ്പോട് ബുക്കി ങ്. അതിനാൽ സന്നിധാനത്തേക്കു പോകാൻ കഴിയുമോ എന്ന ഉറപ്പില്ലാത്തതും തിരക്കു കുറയാൻ ഇടയാക്കി.

Previous Post Next Post