അമീബിക് മസ്തിഷ്ക ജ്വരം ; ഈ മാസം ചികിത്സ തേടിയ 17 ൽ 7 പേരും മരിച്ചു ; വിട്ടുമാറാത്ത പനിയും തലവേദനയുമുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം


തിരുവനന്തപുരം :- സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരും മരിച്ചു. ഈ വർഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേർ. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാൻ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിനാൽ രോഗം സ്‌ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.

പ്രധാനമായും ജലത്തിലൂടെ തലച്ചോറിൽ എത്തുന്ന അമീബയാണു രോഗകാരണമാകുന്നത്. എന്നാൽ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും അമീബ ശരീരത്തിൽ എത്തുമോ എന്നു സംശയിക്കുന്നുണ്ട്. ഇതിനാൽ വിട്ടുമാറാത്ത പനി, തലവേദന എന്നിവയുണ്ടെങ്കിൽ അമീബിക് മസ്തിഷ്കജ്വരവും സംശയിക്ക ണമെന്നാണ് ഡോക്‌ടർമാർക്കുള്ള നിർദേശം. രോഗ സാധ്യതയുള്ളവരുടെ സാംപിൾ പരിശോധിക്കാൻ പബ്ലിക് ഹെൽത്ത് ലാബിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തു അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം ഐസിഎംആർ നടത്തുന്ന പഠനത്തിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. വിവരശേഖരണം 11നു പൂർത്തിയായി. കുളങ്ങൾ ഉൾപ്പെടെ ഒരേ ഉറവിടം ഉപയോഗിക്കുന്നവരിൽ ചിലർക്കു മാത്രം രോഗം വരുന്നതിന്റെ കാരണമാണു പഠനത്തിലൂടെ അന്വേഷിക്കുന്നത്. പ്രകൃതിയിൽ അമീബ ഉണ്ട്. മൂക്കിനകത്തു വെള്ളം കയറ്റുന്നതുൾപ്പെടെ ആളുകൾ ജലം ഉപയോഗിക്കുന്ന രീതികൾ രോഗത്തിനു കാരണമാകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Previous Post Next Post