കാസർഗോഡ് :- കുപ്രസിദ്ധ മോഷ്‌ടാവ് തൊരപ്പൻ സന്തോഷ് കാസർഗോഡ് മേൽപ്പറമ്പിൽ പിടിയിൽ. സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടെ തൊരപ്പനെ നാട്ടുകാർ സാഹസികമായി പിടികൂടുകയായിരുന്നു. രക്ഷപെടാൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ സന്തോഷിൻ്റെ കാൽ ഒടിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പിലെ ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് തൊരപ്പൻ സന്തോഷിനെ പിടികൂടിയത്.
ഹൈപ്പർ 1 മാർക്കറ്റിൻ്റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ എടുക്കാൻ വന്ന യുവാക്കളാണ് അകത്ത് മോഷ്ടാവുണ്ടെന്ന് മനസിലാക്കുന്നത്. അകത്ത് നിന്ന് ശബ്ദം കേട്ടത് സംശയത്തിന് ഇട വരുത്തിയത്. ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു. ആളുകൾ ഓടിക്കൂടി കെട്ടിടം വളഞ്ഞു. ഇത് കണ്ട തൊരപ്പൻ സന്തോഷ് ഒന്നാം നിലയിൽ നിന്ന് എടുത്ത് ചാടി. വീഴ്ചയിൽ കാല് ഒടിഞ്ഞതിനാൽ എഴുന്നേറ്റ് ഓടാൻ സാധിച്ചില്ല. നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ സന്തോഷ് കണ്ണൂർ ജില്ലയിലെ കുടിയാന്മല സ്വദേശിയാണ്. ഭിത്തി തുരന്ന് അകത്തു കടന്നു കവർച്ച നടത്തുന്നതിനാലാണ് തൊരപ്പൻ എന്ന പേര് വീണത്.
