പടിയൂർ എ.ബി.സി കേന്ദ്രത്തിൽ പുതിയ ശസ്ത്രക്രിയ യൂണിറ്റ്

 


കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിലെ തെരുവ്നായ പ്രജനന നിയന്ത്രണ കേന്ദ്രത്തിൽ പുതിയ ശസ്ത്രക്രിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി  ഉദ്ഘാടനം ചെയ്തു. പടിയൂർ എ.ബി.സി. കേന്ദ്രത്തിൽ പ്രതിദിനം നടക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിനാണ് രണ്ടാംഘട്ടമായി മറ്റൊരു ശസ്ത്രക്രിയാ യൂണിറ്റ് കൂടി പ്രവർത്തനമാരംഭിക്കുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു.

പുതിയ ശസ്ത്രക്രിയ യൂണിറ്റിനാവശ്യമായ ഉപകരണങ്ങളും പുതിയ ജീവനക്കാരുടെ നിയമനവും പൂർത്തിയായി. 2022 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച പടിയൂർ എ.ബി.സി. കേന്ദ്രത്തിൽ ഇതുവരെ 5000 ലധികം തെരുവ് നായകളുടെ വന്ധ്യംകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. മൃഗ സംരക്ഷണ ഓഫീസർ ഡോ.എസ് അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് മിനി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, ജില്ലാ പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ അംഗം എൻ.പി. ശ്രീധരൻ, ഡെപ്യൂട്ടി ഡയറക്ടർ (എ എച്ച്) ഡോ.എം.വിനോദ് കുമാർ, പ്രൊജക്ട് ഓഫീസർ ഡോ. കെ.വി സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ. സോളിമോൾ ജോസഫ് എന്നിവർ സംസാരിച്ചു.

Previous Post Next Post