പയ്യന്നൂർ :- ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎൽഒ അനീഷ് ജോർജിൻ്റെ മൃതദേഹം സംസ്കരിച്ചു. പള്ളിമുക്ക് ലൂർദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ ആയിരുന്നു ചടങ്ങുകൾ. ജീവിതത്തിലെ നാനാതുറകളിൽ ഉള്ളവർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, പയ്യന്നൂർ എംഎൽഎ മധുസൂദനൻ, സിപിഎം നേതാവ് ഇ പി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
പയ്യന്നൂർ ഏറ്റുകുടുക്കയിലാണ് ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. നവംബർ 16ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. അതിനിടെയാണ് ഇന്ന് അനീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
