ന്യൂഡൽഹി :- അഗ്നിവീർ സേനാംഗങ്ങളിൽ 50% പേരെ സൈന്യത്തിൽ നിലനിർത്താനുള്ള ശുപാർശ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ പരിഗണനയിൽ. അഗ്നിവീറുകൾ സേവന കാലാവധിക്കിടെ മരിച്ചാൽ കുടുംബത്തിന് ആജീവനാന്ത സാമ്പത്തിക സഹായം, ശാരീരിക വൈകല്യങ്ങളുണ്ടായാൽ ആജീവനാന്ത വൈദ്യസഹായം എന്നിവയും പരിഗണിക്കുന്നുണ്ട്. 4 വർഷമാണ് അഗ്നിവീറുകളുടെ കാലാവധി. ഇതിനു ശേഷം 25% പേരെ മാത്രമാണു സൈന്യത്തിൽ തുടരാൻ അനുവദിക്കുക. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സൈന്യത്തിൽ ആദ്യമായി ചേർന്ന അഗ്നിവീറുകൾ അടുത്ത വർഷം ഒക്ടോബറിൽ കാലാവധി പൂർത്തിയാക്കും. ഈ സാഹചര്യത്തിലാണു പുതിയ ശുപാർശകൾ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മിലിറ്ററി അഫയേഴ്സ‌് വകുപ്പ് പരിഗണിക്കുന്നത്.
കര, നാവിക, വ്യോമസേനകൾ അഗ്നിവീറുകളെ കൂടുതലായി നിലനിർത്തണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. സേനാ വിഭാഗങ്ങൾ സജീവമായ മാറ്റങ്ങൾക്കു വിധേയമാകുന്ന സമയമാണെന്നും പരിചയസമ്പന്നരായ കൂടുതൽ സൈനികർ ആവശ്യമുണ്ടെന്നുമാണു സേനകളുടെ വിലയിരുത്തൽ. ദൗത്യത്തിൽ മരിക്കുന്ന അഗ്നിവീറുകൾക്കു സാധാരണ സൈനികരെപ്പോലെ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു 2023ൽ പാർലമെൻ്ററി സ്‌ഥിരം സമിതി ശുപാർശ ചെയ്തിരുന്നു. നിലവിൽ അഗ്നിവീറുകളുടെ കുടുംബത്തിനു പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ല.
