ദില്ലി :- തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് വെള്ളിയാഴ്ചയെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. ദേശീയ മൃഗ ക്ഷേമ ബോർഡിനെ കേസിൽ കക്ഷിയാക്കി.
പൊതുസ്ഥാലങ്ങളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ടെന്നും - ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എന്താണ് മറുപടിക്ക് താമസം ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മറുപടി സമർപ്പിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
പരിഗണിച്ചത് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ്
തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി നൽകിയ നോട്ടീസിൽ മറുപടി നൽകാതിരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകുന്നതിന് പകരം ഓൺലൈനായി ഹാജരാകാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം അടക്കം സമീപിച്ചെങ്കിലും ഇത് കോടതി അനുവദിച്ചിരുന്നില്ല. കേസിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പകരം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാളാണ് ഹാജരായത്. തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ എ.ബി.സി ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കിയതായി കേരളം സുപ്രീം കോടതിയിൽ അറിയിച്ചു. മറുപടി വൈകിയത് മനഃപൂർവ്വമല്ലെന്നും ക്ഷമിക്കണമെന്നും സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു
