പത്തനംതിട്ട :- സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ടു ചെയ്ത പശ്ചാത്തലത്തിൽ, ശബരിമല തീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിർദേശം.
പമ്പാനദിയിൽ നിന്ന് അമീബിക് മസ്തിഷജ്വരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ നദിയിൽ ഒഴുക്കുള്ളതിനാൽ പ്രശ്നമില്ല. ജനുവരിയോടെ വെള്ളം കുറയുകയാണെങ്കിൽ, ത്രിവേണിയിൽ ചിലഭാഗങ്ങളിൽ ചെറിയ തടാകംപോലുള്ള ഭാഗങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അവിടെ നല്ല വെയിലുള്ള ഭാഗമാണ്. അത്തരം സാഹചര്യമാണ് രോഗസാധ്യ തയുണ്ടാക്കുന്നത്. ഇവിടേക്ക് അയ്യപ്പന്മാരെ വിടാതിരിക്കാനുള്ള നിർദേശവും ആസമയത്ത് ആരോഗ്യവകുപ്പ് നൽകും. ക്ഷേത്രക്കുളങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ളവ നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
