ശബരിമല :- മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്നതോടെയാണ് ഒരു തീർഥാടനകാലത്തിനു കൂടി തുടക്കമായത്. തിരുമുറ്റത്തും നടപ്പന്തലിലും ആയിരങ്ങൾ സ്വാമിനാമം ചൊല്ലവേ, മേൽശാന്തി ശ്രീകോവിലിൽ നിന്നുള്ള ദീപമേന്തി, പതിനെട്ടാം പടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇരുമുടിയുമായി പടവുകൾ ക്കുതാഴെ നിന്ന, നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ അദ്ദേഹം സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്ന് ഭക്തരെ പടികയറാൻ അനുവദിച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തിയത്. സന്ധ്യയോടെ നിയുക്ത മേൽശാന്തി പ്രസാദ് നമ്പൂതിരിയെ അഭിഷേകം ചെയ്ത് അവരോധിക്കുന്ന ചടങ്ങുകൾ നടന്നു. മാളികപ്പുറം മേൽശാന്തിയായി മനുനമ്പൂതിരിയും അഭിഷിക്തനായി. തിങ്കളാഴ്ച പുതിയ മേൽശാന്തിമാരാണ് നട തുറക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി, ഘട്ടംഘട്ടമായാണ് പമ്പയിലെ നടപ്പന്തലിൽ നിന്ന് തീർഥാടകരെ കടത്തിവിടുന്നത്. ഇതിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം അനുവദിക്കുക. 27-നാണ് മണ്ഡലപൂജ.
