തിരുവനന്തപുരം :- കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വൃദ്ധ മരിച്ചു. പൊഴിയൂർ ഉച്ചക്കട സ്വദേശി സരോജിനി (70) ആണ് മരിച്ചത്. റിട്ടയേർഡ് എസ്പി ഭാഗ്യനാഥൻ്റെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെയാണ് സംഭവമെന്നാണ് വിവരം. വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഒറ്റയ്ക്കു താമസിച്ചിരുന്ന സരോജിനിയെ കാണാനില്ലാത്തതിനാൽ നാട്ടുകാർ തിരയുകയായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് സരോജിനിയെ മതിൽ ഇടിഞ്ഞുകിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്. മതിൽ ഇടിഞ്ഞു ദേഹത്തേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സരോജിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്നാണ് റിപ്പോർട്ട്.
