തിരുവനന്തപുരം :- വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) അനുശാസിക്കുന്ന സ്കൂൾ പഠനസൗകര്യം സംസ്ഥാനത്തുണ്ടെന്ന് സർക്കാരിൻ്റെ വിലയിരുത്തൽ. ആർടിഇ പ്രാബല്യത്തിൽ വന്ന വേളയിൽ 2010-11 കാലയളവിൽ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ മാപ്പിങ് നടത്തിയിരുന്നു. ഇതനുസരിച്ച്, ഓരോ ഭൂപ്രദേശവും അനുസരിച്ചുള്ള സ്കൂൾ സൗകര്യം സർക്കാരിൻ്റെ പക്കലുണ്ട്. പ്രാദേശികതലത്തിൽ ആവശ്യമുയർന്നാൽ സ്കൂൾ അനുവദിക്കാമെന്ന നിലപാടിലാണ് സർക്കാർ.
ആർടിഇ നിർദേശിച്ചപോലെ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപിയും മൂന്നു കിലോമീറ്റർ ചുറ്റളവിൽ യുപിയും ഏകദേശം ഉറപ്പാക്കാൻ കേരളത്തിനായിട്ടുണ്ട്. സംസ്ഥാനത്ത് അംഗീകൃത അൺ എയ്ഡഡ് സ്കൂൾ ഉൾപ്പെടെ 6790 എൽപി സ്കൂളുകളുണ്ട്. ഇതിൽ 2593 എണ്ണം സർക്കാർ സ്കൂളുകളാണ്. 2988 യുപി സ്കൂളുമുണ്ട്. എൽപി മുതൽ വിഎച്ച്എസ്ഇ വരെയെടുത്താൽ 15,369 ആകും സ്കൂളുകളുടെ എണ്ണം. ആർടിഇ പ്രകാരമുള്ള പൊതുവിദ്യാലയങ്ങൾ ഉറപ്പാക്കിയതിനാലാണ് സ്വകാര്യ-അൺഎയ്ഡഡ് സ്കൂളിൽ 25 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന നിർദേശം കേരളത്തിൽ നടപ്പാക്കാതിരുന്നത്.
