കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രയ്ക്ക് ജനുവരി 1 ന് തുടക്കമാകും


കോഴിക്കോട് :- കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസല്യാർ നയിക്കുന്ന കേരള യാത്ര ജനുവരി ഒന്നിനു കാസർകോട്ട് നിന്ന് ആരംഭിച്ച് 16നു തിരുവനന്തപുരത്ത് സമാപിക്കും. "മനുഷ്യർക്കൊപ്പം' എന്നതാണു യാത്രയുടെ സന്ദേശം. ജനുവരി 6ന് തമിഴ്നാട്ടിലെ നീലഗിരിയിൽ സ്നേഹയാത്രയും നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണു യാത്ര. ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ജാഥാ ഉപനായകരാണ്. 

ജനുവരി 1 ന് ഉച്ചയ്ക്ക് ഉള്ളാൾ സയ്യിദ് മദനി മഖാം സിയാറത്തോടെ യാത്രയ്ക്കു തുടക്കമാകും. 3 ന്   സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാരും കേരള യാത്രസമിതി ചെയർമാൻ കെ.എസ് ആറ്റക്കോയ തങ്ങളും ചേർന്നു കാന്തപുരത്തിനു പതാക കൈമാറും. വൈകുന്നേരം 5 മണിക്ക് ചെർക്കളയിൽ സ്വീകരണ സമ്മേളനം നടക്കും. ജനുവരി 2നു കണ്ണൂർ കലക്‌ടറേറ്റ് മൈതാനം, ജനുവരി 3നു നാദാപുരം, 4നു കോഴിക്കോട് മുതലക്കുളം, 5നു കൽപറ്റ, 6നു ഗുഡല്ലൂർ, 7ന് അരീക്കോട്, 8നു തിരൂർ, 9ന് ഒറ്റപ്പാലം, 10നു ചാവക്കാട്, 11ന് എറണാകുളം മറൈൻ ഡ്രൈവ്, 12നു തൊടുപുഴ, 13നു കോട്ടയം, 14നു രാവിലെ 10നു പത്തനംതിട്ട, 5നു കായംകുളം, 16നു വൈകുന്നേരം 5നു പുത്തരിക്കണ്ടം മൈതാനിയിൽ സമാപന സമ്മേളനം. ജില്ലാ അതിർത്തികളിൽ രാവിലെ 9നു യാത്രയെ സ്വീകരിക്കും. 


Previous Post Next Post